
സമൂഹത്തിന്റെ ആന്തരിക, ബാഹ്യങ്ങളായ അജ്ഞതയെയും അസ്വാരസ്യങ്ങളെയും അകറ്റി ആത്മശുചിത്വവും ബാഹ്യശുദ്ധിയും വർഷിക്കുന്ന ശ്രീരാമായണം അഷ്‌ടൈശ്വര്യങ്ങളും ശുശ്രൂഷ, ശ്രവണം, ഗ്രഹണം, ധാരണം, ഊഹം, അപോഹം, അർത്ഥബോധം, തത്വജ്ഞാനം, എന്നീ അഷ്ടബുദ്ധി ഗുണങ്ങളും പ്രദാനം ചെയ്യുന്നു. രാമമന്ത്രം താരകമന്ത്രമാണ്. ആ താരകമന്ത്രം ജപിച്ചാണ് ഹനുമാൻ സമുദ്രലംഘനം നടത്തിയത്. സംസാരസാഗര തരണത്തിന് മനോബുദ്ധ്യഹങ്കാരങ്ങളെ നിയന്ത്രിക്കാൻ രാമായണത്തിന് കഴിയും. രാമായണത്തിൽ ശോകതാപ ക്ലേശങ്ങൾ ഒന്നുമില്ലാത്ത സന്തോഷപ്രദമായ ഭാഗമാണ് സുന്ദരകാണ്ഡം.
ഹനുമാൻ സീതാദേവിയെ കണ്ടുമുട്ടുന്നതും, മുദ്രമോതിരം നൽകി രാമന്റെ
ആഗമനോദ്ദേശം അറിയിക്കുന്നതും സുന്ദരകാണ്ഡത്തിലാണ്. രാമായണ കഥാന്തരീക്ഷം പ്രതീക്ഷാ നിർഭരമാകുന്നത് ഇവിടം മുതലാണ്.
ഹനുമാന്റെ സന്ദർശനം സീതയ്ക്ക് ആനന്ദവും പ്രതീക്ഷയും നൽകി, ഭയവിമുക്തി നല്കുന്ന രംഗം വായിക്കുന്നത് കേൾക്കാൻ ആഞ്ജനേയൻ എവിടെയും കാതോർത്തു നിൽക്കുമെന്നാണ് ! തന്റെ സ്വാമിനിയെ കിം വിഷാദം വൃഥാ മാനസേ എന്നാശ്വസിപ്പിച്ചു മടങ്ങുന്ന ഹനുമാൻ പ്രതീക്ഷയുടെയും ഭക്തിനിർഭരതയുടെയും സ്‌നേഹപരതയുടെയും കർമ്മസാഫല്യത്തിന്റെയും പ്രതീകമായി പരിലസിക്കുന്നു. രാമായണത്തിലെ കാണ്ഡങ്ങളിൽ പ്രാധാന്യമേറിയതു സുന്ദരകാണ്ഡമാണ്. ശ്രീരാമദാസനായ ആഞ്ജനേയന്റെ സാന്നിദ്ധ്യം രാമായണപാരായണം ഉള്ളിടത്തെവിടെയും ഉണ്ടാകുമെന്നാണ്; വിശിഷ്യ,സുന്ദരകാണ്ഡം പാരായണം ചെയ്യുന്നിടത്ത്.
സന്ധ്യയ്ക്ക് രാമായണ പാരായണം ചെയ്യരുതെന്നാണ്. കാരണം, ആഞ്ജനേയൻ ശ്രീരാമചന്ദ്ര സ്മൃതിയിൽ സന്ധ്യാവന്ദനം ചെയ്യുന്ന ദിവ്യ
മുഹൂർത്തത്തിൽ അദ്ദേഹത്തിന്റെ സന്നിഹിതത്വം ഉണ്ടാവുകയില്ലെന്നതിനാ
ൽ ആ മുഹൂർത്തത്തിൽ രാമായണപാരായണം ചെയ്യാറില്ല. സുന്ദരകാണ്ഡം സുഗ്രാഹ്യമായെന്നാൽ രാമായണം ആർക്കും അനായാസം എന്നാണ്. ജ്ഞാനപ്രകാശമാണ് സുന്ദരകാണ്ഡം. ശ്രീരാമായണം മുഴുവൻവായിച്ചു തീർക്കാൻ ഏതെങ്കിലും സാഹചര്യത്തിൽ സാധിതമാകാതെ വരികയാണെങ്കിൽ സുന്ദരകാണ്ഡം മാത്രം വായിച്ചുതീർത്താലും അതിലൂടെ രാമായണം മുഴുവൻ വായിച്ച ഫലപ്രാപ്തി കൈവരുമെന്നാണ് അഭിജ്ഞമതം.അത്രമാത്രം മഹത്വവും സമർപ്പിതത്വവും അനുഗ്രഹപൂർണവും ആത്മസംവേദനപരവുമാണ്
സുന്ദരകാണ്ഡം. ഭാഷാപഠന കുതുകികൾക്ക് പദപ്രയോഗ സൗന്ദര്യത്തിന്റെ അതിസൂക്ഷ്മവും അതിഗംഭീരവുമായ ആകർഷണം ആത്മീയാന്വേഷണത്തോടൊപ്പം കിട്ടുന്ന സൗഭാഗ്യകാണ്ഡം കൂടിയാണ് സുന്ദരകാണ്ഡം.