
ജോഹന്നാസ്ബർഗ് : എട്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എൺപതിലധികം പുരുഷൻമാർ അറസ്റ്റിൽ. ദക്ഷിണാഫ്രിക്കയിലെ ക്രുഗെർസ്‌ഡോർപ്പിലാണ് വീഡിയോ ഷൂട്ട് ചെയ്യാനെത്തിയ സംഘത്തെ തടഞ്ഞ് നിർത്തിയ ശേഷം വനിതകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയിലാണ് ഷൂട്ടിംഗിനായി സംഘമെത്തിയത്. കേസിൽ അറസ്റ്റിലായ പ്രതികളെ കൂഗെർസ്‌ഡോർപ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ വൻ ജനക്കൂട്ടമാണ് കോടതിക്ക് മുന്നിൽ തടിച്ചു കൂടി പ്രതിഷേധിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മ്യൂസിക് വീഡിയോ ഷൂട്ടിനായി ഒരു പ്രൊഡക്ഷൻ ക്രൂ ഉപേക്ഷിക്കപ്പെട്ട ഖനിയിൽ എത്തിയത്. ഇവിടെയെത്തി ഷൂട്ടിംഗിനായുള്ള സെറ്റ് തയ്യാറാക്കുന്നതിനിടെയാണ് ഒരു സംഘമെത്തി ആക്രമിച്ചത്. പ്രൊഡക്ഷൻ ക്രൂവിൽ 12 സ്ത്രീകളും 10 പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ആയുധധാരികളായ സംഘമാണ് ഇവരെ ആക്രമിക്കാനെത്തിയതെന്ന് ഗൗട്ടെങ് പ്രവിശ്യയിലെ പോലീസ് കമ്മീഷണർ ലെഫ്റ്റനന്റ് ജനറൽ ഏലിയാസ് മാവേല പ്രസ്താവനയിൽ പറഞ്ഞു. അക്രമിസംഘം ഷൂട്ടിംഗ് സംഘത്തോട് നിലത്ത് കിടക്കാൻ ആവശ്യപ്പെടുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. എട്ട് സ്ത്രീകളെയാണ് എൺപതോളം പേർ ചേർന്ന് പീഡിപ്പിച്ചത്. ഷൂട്ടിംഗ് സംഘത്തിന്റെ ഉപകരണങ്ങളും, ആഭരണങ്ങളും പണവും ഇവർ കവർന്നു. കേസിൽ അറസ്റ്റിലായവർ അനധികൃത ഖനിത്തൊഴിലാളികളാണെന്നാണ് പൊലീസ് ഭാഷ്യം.
ക്രുഗെർസ്‌ഡോർപ്പിൽ സംഭവിച്ചത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് ആഭ്യന്തര മന്ത്രി ഭേകി സെലെ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. കുറച്ചുകാലമായി ഇത്തരം കുറ്റകൃത്യങ്ങൾ ക്രൂഗർസ്‌ഡോർപ്പിലുണ്ടെന്ന് നാട്ടുകാർ പറയുന്നു.