
വാഷിംഗ്ടൺ : ഒസാമ ബിൻലാദന്റെ പിൻഗാമിയായി പതിനൊന്നുവർഷം മുമ്പ് അൽക്വയ്ദയുടെ നേതൃത്വം ഏറ്റെടുക്കുകയും ഇന്ത്യയിലടക്കം ആഗോളതലത്തിൽ ഭീകരാക്രമണങ്ങൾക്ക് ഒത്താശ നൽകുകയും ചെയ്യുന്ന അയ്മൽ അൽ സവാഹിരിയെ കഴിഞ്ഞ ദിവസം അമേരിക്ക വധിച്ചിരുന്നു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് സമീപം കുടുംബസമേതം രഹസ്യമായി കഴിയുകയായിരുന്നു ഈജിപ്തുകാരനായ ഈ കൊടുംഭീകരൻ. ഡ്രോൺ ആക്രമണത്തിലൂടെയാണ് ഭീകരനെ അമേരിക്ക വധിച്ചത്.
തലയ്ക്ക് 25 മില്യൺ ഡോളർ വിലയിട്ട ഭീകരനെ ഇല്ലായ്മ ചെയ്തു എന്ന് ലോകത്തിനോട് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യപനം വന്നതിന് പിന്നാലെ വധിക്കപ്പെട്ടത് സവാഹിരിയാണോ എന്ന ചോദ്യം ഉയർന്നിരുന്നു. സ്ഥിരീകരിക്കുന്നതിനായി ഡി എൻ എ പരിശോധന നടത്തേണ്ട ആവശ്യകതയെ കുറിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ലാദനെ വധിക്കുവാൻ കമാൻഡോ സംഘത്തെ അയച്ച അമേരിക്ക സവാഹിരിയെ വധിക്കുവാൻ ഡ്രോണിൽ നിന്നും വിക്ഷേപിച്ച മിസൈലുകളെയാണ് നിയോഗിച്ചത്. അതിനാൽ തന്നെ സാമ്പിളുകൾ ശേഖരിക്കാൻ കഴിഞ്ഞതുമില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും, അൽക്വയ്ദയും സവാഹിരിയുടെ കാര്യത്തിൽ ഇപ്പോഴും നിശബ്ദത തുടരുകയുമാണ്. ഇതാണ് കൊല്ലപ്പെട്ടത് കൊടുംഭീകരനാണോ എന്ന് എങ്ങനെ ഉറപ്പിക്കാം എന്ന ചോദ്യം ഉയരുന്നത്.
എന്നാൽ സവാഹിരിയുടെ കാര്യത്തിൽ തങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നാണ് ഡി എൻ എ പരിശോധനയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അമേരിക്കയുടെ മറുപടി. കൊല്ലപ്പെട്ടത് സവാഹിരിയാണെന്ന് മറ്റു സോഴ്സുകളിലൂടെ തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.
'ഞങ്ങൾക്ക് ഡിഎൻഎ സ്ഥിരീകരണം ഇല്ല. ഞങ്ങൾക്ക് ആ സ്ഥിരീകരണം ലഭിക്കാൻ പോകുന്നില്ല. വളരെ വ്യക്തമായി പറഞ്ഞാൽ, ഞങ്ങൾ വിവരങ്ങൾ ശേഖരിച്ച ഒന്നിലധികം ഉറവിടങ്ങളും രീതികളും അടിസ്ഥാനമാക്കി, ഞങ്ങൾക്ക് അത് ആവശ്യമില്ല.' വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. ഇതിന് തക്ക ദൃശ്യങ്ങളടങ്ങിയ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.