
തിരുവനന്തപുരം: നിയമസഭ രൂപീകരിച്ച തീയതി അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ച് ഉമ്മൻചാണ്ടി ഇന്നലെ നിയമസഭാംഗമായി 18728 ദിവസം പൂർത്തിയാക്കി. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഇനി ഉമ്മൻചാണ്ടിക്ക് സ്വന്തം. കെ.എം. മാണിയുടെ റെക്കോർഡാണ് ഉമ്മൻചാണ്ടി ഭേദിച്ചത്. സത്യപ്രതിജ്ഞ ചെയ്ത തീയതി വച്ചുനോക്കിയാൽ സാങ്കേതികമായി റെക്കോർഡ് ഭേദിക്കുന്നത് ഈ മാസം 11നാണ്.
നിയമസഭയുടെ അംഗീകാരം ജഗതിയിലെ വീട്ടിലെത്തി നിയമസഭ സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് കൈമാറി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായരും ഒപ്പമുണ്ടായിരുന്നു. ഇതുവരെ ലഭിച്ച പദവികളിൽ പൂർണ തൃപ്‌തനെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. അംഗീകാരത്തിന് പൂർണ അർഹർ പുതുപ്പള്ളിയിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന് നീട്ടിയുള്ള ചിരിയായിരുന്നു മറുപടി. തുടർന്ന് പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന പതിവ് ഉത്തരവും നൽകി.
1970ലാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി ആദ്യമായി നിയമസഭാംഗമാകുന്നത്. 1970 സെപ്തംബർ 17നാണ് നാലാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. തൊട്ടടുത്ത ദിവസമായിരുന്നു വോട്ടെണ്ണൽ. അതുവരെ ഇടതുപക്ഷത്തിനൊപ്പമായിരുന്ന പുതുപ്പള്ളി മണ്ഡലം കോൺഗ്രസിലേക്ക് മറിയുന്നത് അത്തവണയാണ്. പിന്നീട് ഇന്നേവരെ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞാണ് ഉമ്മൻ ചാണ്ടി. നാലാം കേരള നിയമസഭ നിലവിൽവരുന്നത് 1970 ഒക്ടോബർ നാലിനാണ്. 2021 വരെ തുടർച്ചയായി 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് മാത്രം ജയിച്ച് ഉമ്മൻചാണ്ടി നിയമസഭയിലെത്തുന്നത്. രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷനേതാവും നാലുതവണ മന്ത്രിയുമായിട്ടുണ്ട്. പതിനഞ്ചാം കേരള നിയമസഭ രൂപീകൃതമായത് 2021 മേയ് മൂന്നിനാണ്.