 
തലശേരി: കോൺഗ്രസ് നേതാവും പടയാളി പത്രാധിപരുമായിരുന്ന പി. രാമകൃഷ്ണന്റെ സ്മരണയ്ക്കായി ജവഹർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡ് കേരളകൗമുദി കണ്ണൂർ ബ്യൂറോചീഫ് ഒ.സി. മോഹൻരാജിന്. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് 14ന് വൈകിട്ട് മൂന്നിന് തലശേരിയിൽ നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കുമെന്ന് ഫോറം ചെയർമാൻ കെ. ശിവദാസനും ജന. കൺവീനർ ഉസ്മാൻ പി. വടക്കുമ്പാടും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2022 ഫെബ്രുവരി 12 ന് പ്രസിദ്ധീകരിച്ച, കുത്തിവയ്പുമരുന്ന് വീട്ടിലേക്കില്ല; രക്തജന്യ രോഗികൾ അങ്കലാപ്പിൽ എന്ന വാർത്തയാണ് അവാർഡിന് അർഹനാക്കിയത്. രോഗികൾക്ക് ആശ്വാസം; വീട്ടിൽ കുത്തിവയ്പ് നടത്താം എന്ന ഇംപാക്ട് വാർത്തയും പിന്നാലെ വന്നു. കൂത്തുപറമ്പ് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ വി. ഷീജ ഭാര്യയും കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് ബി.ടെക് വിദ്യാർത്ഥി ഗൗതം കൃഷ്ണ മകനുമാണ്.