rahul

ബംഗളൂരു : ചിത്രദുർഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിൽ കോൺഗ്രസ് നേതാക്കളോടൊപ്പം സന്ദർശനം നടത്തിയ രാഹുൽ ഗാന്ധിക്ക് ഹവേരി ഹൊസമുട്ട് സ്വാമിയിൽ നിന്ന് ലഭിച്ച അനുഗ്രഹം 'പ്രധാനമന്ത്രിയാകും' എന്നായിരുന്നു. എന്നാൽ, തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതൻ ശ്രീ ശിവമൂർത്തി മുരുഗാ ശരണരു ഇടപെട്ട് അനുഗ്രഹ സംഭാഷണം നിറുത്തി വയ്പിച്ച് 'നമ്മുടെ മഠം സന്ദർശിക്കുന്നവർ അനുഗ്രഹിക്കപ്പെടും' എന്ന് തിരുത്തി.

ഇതോടെ രാഹുൽ ഗാന്ധിയുടെ മഠം സന്ദർശനം ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായി.

കർണ്ണാടകയിൽ കോൺഗ്രസ് ഉന്നതനേതാക്കൾ പങ്കെടുത്ത യോഗത്തിൽ സംബന്ധിക്കാനെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠം സന്ദർശിച്ചത്.

'ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായി. ലിംഗായത്ത് സമുദായത്തോടൊപ്പം വന്നതിനാൽ രാഹുൽഗാന്ധിയും പ്രധാനമന്ത്രിയാവും" എന്നായിരുന്നു സന്യാസിയുടെ അനുഗ്രഹവചനങ്ങൾ. ഉടൻ മുഖ്യപുരോഹിതൻ തടഞ്ഞു, 'അങ്ങനെ പറയരുത്. അക്കാര്യം പറയേണ്ട വേദിയല്ലിത്. ജനങ്ങൾ തീരുമാനിക്കും. നമ്മുടെ മഠം സന്ദർശിക്കുന്നവർ അനുഗ്രഹിക്കപ്പെടും" എന്നായിരുന്നു തിരുത്ത്.

ഉടൻ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കർണ്ണാടകത്തിൽ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. കാലങ്ങളായി ലിംഗായത്തുകൾ ബി.ജെ.പിയോട് അനുഭാവം പുലർത്തുന്നവരാണ്. ലിംഗായത്ത് സമുദായത്തിൽപ്പെട്ട ബി.എസ്. യെദിയൂരപ്പയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്. പിന്നീട് യെദിയൂരപ്പയെ മാറ്റിയപ്പോഴും അതേ സമുദായത്തിൽ നിന്നുള്ള ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി. കർണ്ണാടകത്തിൽ കോൺഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ്. നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും സംസ്ഥാന ഘടകം അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറുമാണ് പരസ്പരം പോരടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനമാണ് ഇരുവരുടെയും ലക്ഷ്യം.