
മഴക്കാലം തുടങ്ങിയാലുടൻ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പേടിച്ച് ഉറക്കം പോകുന്ന നിലയിലായി മലയാളി. മലയോര പ്രദേശങ്ങളിലും നദീതീരങ്ങളിലും യാതൊരു ഔചിത്യവുമില്ലാതെ നിർമ്മാണത്തിന് അനുമതി നല്കിയ അധികാരികളാണ് ഭൂരിഭാഗം ദുരന്തങ്ങളുടെയും ഉത്തരവാദികൾ. അനധികൃത ക്വാറികൾ പല ഗ്രാമങ്ങൾക്കും ഭീഷണിയാകുന്ന കാഴ്ച കേരളത്തിന് പുതുമയല്ലാതായിട്ടുണ്ട്. ഇവിടെയും യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നല്കിയ അധികൃതർ മാത്രമാണ് ഉത്തരവാദികൾ. നദീതീരങ്ങളിൽ നിർമ്മിച്ച വീടുകൾ അതേപടി കുത്തൊഴുക്കിൽ പെടുന്ന ഭീകരദൃശ്യവും മലയോരങ്ങളിലെ അശാസ്ത്രീയ നിർമ്മാണങ്ങൾ അപ്പാടെ ഭൂമി വിഴുങ്ങുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയും കേരളം കണ്ടു.
പ്രകൃതിയെയും മനുഷ്യനെയും ദീർഘവീക്ഷണത്തോടെ പരിഗണിക്കുന്ന രാജ്യങ്ങളിലേക്ക് നോക്കൂ, നദീതീരങ്ങളിലോ മലയോരങ്ങളിലോ ഒരു നിർമ്മാണവും അവർ അനുവദിക്കില്ല. ഇനിയെങ്കിലും മാറി ചിന്തിക്കാൻ തയ്യാറായില്ലെങ്കിൽ കേട്ടുകേൾവിയില്ലാത്ത വൻ ദുരന്തങ്ങളാവും കേരളത്തെ കാത്തിരിക്കുന്നത്.
സുനിൽ ജേക്കബ്
പത്തനംതിട്ട