
ഇതുവരെ അനുഭവിച്ച ഫോൺ, ഇന്റർനെറ്റ് സേവനങ്ങളിൽ എന്ത് മാറ്റമാണ് 5 ജി.കൊണ്ടുവരികയെന്ന ആകാംക്ഷയിലാണ് രാജ്യം. 5ജി.സ്പെക്ട്രത്തിന്റെ ലേലം കൂടി കഴിഞ്ഞതോടെ അത് ഉടൻ എത്തുമെന്നുറപ്പായി. ഇൗ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ 5 ജി. സേവനം ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കും. ലേലത്തിന്റെ രീതി നോക്കിയാൽ 5ജി സേവനത്തിൽ മുന്നിൽ ഇറങ്ങുക റിലയൻസ് ജിയോ ആയിരിക്കും. തൊട്ടുപിന്നിൽ ഭാരതി എയർടെലും വൊഡാഫോൺ ഐഡിയയും അദാനി എന്റർപ്രൈസസും രംഗത്തുണ്ട്. 2ജി, 3ജി, 4ജി, 5ജി എന്നിവയെല്ലാം മൊബൈൽ ഫോണുകളുടെ സേവനവുമായി ബന്ധപ്പെട്ട വിവരവിനിമയത്തിന്റെ വികസനതലമുറകളെ സൂചിപ്പിക്കുന്നതാണെന്ന് എല്ലാവർക്കുമറിയാം.
ഇന്ത്യയിൽ മൊബൈൽ ഫോൺ ആദ്യമായെത്തിയത് 1995 ജൂലായ് 31 നായിരുന്നു. കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിലിരുന്ന് ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്രവാർത്തവിനിമയ മന്ത്രി സുഖ് റാമിനെ നോക്കിയ ഫോണിലൂടെ വിളിച്ചുകൊണ്ടായിരുന്നു ആ രംഗപ്രവേശം. മോദി ടെൽസ്ട്ര ആയിരുന്നു രാജ്യത്തെ ആദ്യ മൊബൈൽ സേവനദാതാവ്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിളിക്ക് ഒരേ നിരക്കായിരുന്നു അന്ന്. മിനിറ്റിന് 24രൂപ. 2003 മുതൽ ഇൻകമിങ്ങ് കോൾ പൂർണമായും സൗജന്യമായി. ഇത് 2ജി.ഫോണുകളുടെ കഥ. ഇതെല്ലാം സംഭാഷണങ്ങൾക്കും ചെറിയ മെസേജുകൾക്കും മാത്രമുള്ള ഫോണുകളായിരുന്നെങ്കിൽ 2010ൽ 3ജി. വന്നതോടെ കഥ മാറി. പിന്നീടിങ്ങോട്ട് ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളും കൈപിടിയ്ക്കുള്ളിലേക്ക് തൽസമയമെത്തുന്ന അവസ്ഥയിലേക്കായി വളർച്ച. മൾട്ടിമീഡിയ മെസേജുകൾ, ഇന്റർനെറ്റ് ഉപയോഗം എന്നിവ മൊബൈൽ ഫോണിലെത്തി. 2012ൽ 4 ജി.കൂടി എത്തിയതോടെ രൂപവും ഭാവവും സൗകര്യങ്ങളും അപ്പാടെ മാറി. വാട്സ് ആപ്പും ടി.വി.ചാനലുകളും വർക്ക് സ്റ്റേഷനുകളും എല്ലാം മൊബൈൽ ഫോണിലേക്കെത്തി.
1998ൽ ഇന്ത്യയിൽ എട്ട് ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നെങ്കിൽ 24 വർഷങ്ങൾക്കിപ്പുറം അത് 116.9 കോടിയിലെത്തിയിരിക്കുന്നു. ആഗോളതലത്തിൽ മൊബൈൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓരോ നൂറ് പേരിലും 91ആളുകൾക്ക് മൊബൈൽ ഫോൺ ഉണ്ടെന്നാണ് കണക്ക്.
ഇവർക്കിടയിലേക്ക് കടന്നുവരുന്ന 5ജി ജീവിതവേഗം കൂട്ടും. ഇത്രയും നാൾ ഒരു സെക്കൻഡിൽ എത്ര മെഗാബൈറ്റ് ഡാറ്റ അയയ്ക്കാനാകുമെന്നാണ് കണക്കിലെടുത്തിരുന്നത് . 5ജിയിലെത്തുമ്പോൾ ഒരു സെക്കൻഡിൽ എത്ര ജിഗാബൈറ്റ്സ് ഡാറ്റ അയയ്ക്കാനാകുമെന്നാകും കണക്ക്.1000 മെഗാ ബൈറ്റ്സാണ് ഒരു ജിഗാ ബൈറ്റ്സ് എന്നറിയണം. അപ്പോൾ ഇതുണ്ടാക്കുന്ന മാറ്റം ആലോചിക്കാവുന്നതേയുള്ളൂ. 5ജി വരുന്നതോടെ വിവര കൈമാറ്റത്തിന് വേഗം വർദ്ധിക്കും. ആളുകൾ തമ്മിലും,യന്ത്രങ്ങൾ തമ്മിലും ആളുകളും യന്ത്രങ്ങളും തമ്മിലുമുള്ള വിവരകൈമാറ്റം ഇന്നുള്ളതിനേക്കാൾ പത്ത് മടങ്ങ് വേഗത്തിലാകും.
തിരക്കേറുന്ന വൈകുന്നേരങ്ങളിലും ഗ്രാമങ്ങളിലും നേരിടാറുള്ള നെറ്റ് വർക്ക് ഞെരുക്കം ഇല്ലാതാക്കുന്ന ശക്തമായ വലിയ ബാൻഡ് വിഡ്ത്തും നെറ്റ് വർക്ക് കപ്പാസിറ്റിയുമാണ് 5ജിയുടേത്. ഒരു വിവരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്താനുള്ള കാലതാമസം കുറയ്ക്കുകയും ചെയ്യും. അതായത് 4ജിയിൽ ഒരു വിവരം എത്തിക്കുന്നതിന്റെ വേഗത 200മില്ലി സെക്കൻഡ് ആയിരുന്നെങ്കിൽ 5ജിയിൽ ഒരു മില്ലിസെക്കൻഡായി ചുരുങ്ങും. ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശമാണ് ഒരു മില്ലി സെക്കൻഡ് എന്നോർക്കണം.
ത്രി ജിയിൽനിന്നും 4 ജിയിലേക്ക് മാറിയപ്പോൾ ജീവിതരീതിയിലുണ്ടായ മാറ്റം നാം അനുഭവിച്ചതാണ്. ഫ്ളിപ്കാർട്ട്, ആമസോൺ ഉൾപ്പടെയുള്ള സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച, ഓൺലൈനായ ഭക്ഷണ - സാധന വിതരണ സേവനങ്ങൾ, ഓൺലൈനായ സർക്കാർ സേവനങ്ങൾ, ഓൺലൈനായി മാറിയ ബാങ്കിങ്, പണമിടപാടുകൾ, വാട്സ് ആപ്പ് പോലുള്ള സേവനങ്ങളിൽ അതിവേഗമുള്ള ആശയവിനിമയങ്ങൾ, വീഡിയോ സ്ട്രീമിങ് അടിസ്ഥാനമാക്കിയുള്ള ഒടിടി പ്ലാറ്റ്ഫോമുകളും ടിക് ടോക്ക് പോലുള്ള സോഷ്യൽമീഡിയാ സേവനങ്ങളുടേയും വരവ്, ഓൺലൈൻ ഉള്ളടക്ക നിർമ്മാണരംഗത്തേക്ക് വ്ളോഗിംഗിലും ടിക് ടോക്ക് വീഡിയോകളിലും സാധാരണക്കാരുടെ വരവ് എന്നിങ്ങനെ പലതരം മാറ്റങ്ങൾ. മധ്യവയസ്കരും വൻതോതിൽ ഡിജിറ്റൽ സേവനങ്ങളിലേക്ക് പ്രവേശിച്ചത് 4 ജിയുടെ വരവിന് പിന്നാലെയാണ്.
5ജി വരുമ്പോൾ
എന്താകും ?
5ജി വരുമ്പോൾ കൂടുതൽ മാറ്റങ്ങളുണ്ടാകുന്ന മേഖല ആരോഗ്യം,വിനോദം,സാമ്പത്തിക സേവനങ്ങൾ എന്നിവയിലായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതിനെല്ലാം അനുയോജ്യമായ മൊബൈൽ,കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളുണ്ടാകും. ഉദാഹരണത്തിന് 4ജിയിൽ താരമായിരുന്ന ഫേസ് ബുക്കിന് ഇപ്പോൾ പ്രിയം കുറഞ്ഞു. അത് മെറ്റവേഴ്സിന് വഴിമാറാൻ തയ്യാറെടുത്തു. മെറ്റാവേഴ്സാണ് ഭാവി ഇന്റർനെറ്റ് എന്നാണ് മെറ്റ പ്ലാറ്റ്ഫോംസ് മേധാവിയും ഫെയ്സ്ബുക്ക് സ്ഥാപകനുമായ മാർക്ക് സക്കർബർഗ് പറയുന്നത്. മെറ്റാവേഴ്സ് സാങ്കേതികവിദ്യകളുടെ അടിസ്ഥാനം ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും നിർമിത ബുദ്ധിയും മെഷീൻ ലേണിങും എല്ലാമാണ്. സിനിമ,ഗെയിമിങ്, സോഷ്യൽ മീഡിയ, ഇ-കൊമേഴ്സ് ഉൾപ്പടെയുള്ള മേഖലകളിലെല്ലാം മെറ്റാവേഴ്സ് സാങ്കേതിക വിദ്യകളെ സംയോജിപ്പിക്കാനാകും എന്നതിന്റെ മാതൃകകൾ ഇതിനകം പല കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് ഓഫ് തിങ്സ് എന്ന് വിളിക്കുന്ന ഉപകരണങ്ങൾ തമ്മിലുള്ള ശൃംഖല, സെൽഫ് ഡ്രൈവിങ് കാറുകൾ,സ്മാർട്ട് സാങ്കേതിക വിദ്യകളോടു കൂടിയുള്ള സ്മാർട്ട് കെട്ടിടങ്ങൾ, ഓഗ്മെന്റഡ് റിയാലിറ്റി /വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകൾ,അൾട്രാ എച്ച്ഡി ലൈവ് സ്ട്രീമിങ് ഉൾപ്പടെയുള്ള അത്തരം സേവനങ്ങളുടെ വളർച്ചയ്ക്ക് 5ജി വലിയ രീതിയിൽ പ്രയോജനപ്പെടും. മനുഷ്യർ ഉപകരണങ്ങളെക്കൊണ്ട് കാര്യങ്ങൾ സാധിക്കും. തെരുവുകളിൽ ആളനക്കം കുറഞ്ഞാലും അത്ഭുതപ്പെടേണ്ട. സിനിമാ റിലീസിംഗ് മൊബൈൽ ഫോണിലാകും. ശസ്ത്രക്രിയകൾ എവിടെയിരുന്നും ചെയ്യാം. ഹൈ ഡെഫനിഷൻ (എച്ച്ഡി) വീഡിയോ സ്ട്രീമിങ് സാധാരണമാകുന്ന നിലയിലേക്ക് 5 ജിയിലൂടെ വിനോദസേവനങ്ങൾ എത്തിച്ചേരും.
ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവയുടെയെല്ലാം വേഗവും ഗുണമേന്മയും വർദ്ധിക്കും. ഇതോടൊപ്പം, അതിവേഗത്തിൽ ലളിതമായ പണമിടപാട് രീതികൾ വന്നേക്കും. ഇതിന്റെ പരിണിതഫലമായി പുതിയ സ്റ്റാർട്ട് അപ്പുകൾ, സേവനങ്ങൾ വ്യവസായ സംരംഭങ്ങൾ, പുതിയ നിർമാണരീതികൾ, ആരോഗ്യപരിപാലന/രോഗചികിത്സാ രംഗത്ത് ഉപയോഗിക്കാവുന്ന പുതിയ ഉപകരണങ്ങൾ, ഉൾപ്പടെയുള്ളവ രംഗപ്രവേശം ചെയ്യുന്നതിനും അവസരമൊരുങ്ങും.
ഉള്ളം കയ്യിലേക്ക്
എന്നുവരും 5ജി ?
ലേലം പൂർത്തിയായതിനാൽ 5ജി.സേവനം ഉടൻ തുടങ്ങുമെന്ന് അർത്ഥമില്ല. കിട്ടിയ സ്പെക്ട്രം വിനിയോഗിച്ച് സേവനം നടത്താൻ കമ്പനികൾക്ക് ഒരുങ്ങാൻ സമയം വേണ്ടിവരും. അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കേണ്ടിവരും.ആഗസ്റ്റ് 15ന് സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചാൽത്തന്നെ രണ്ടുമാസമെങ്കിലും കഴിഞ്ഞുമാത്രമേ സേവനങ്ങൾ തുടങ്ങുകയുള്ളൂ എന്നാണ് കമ്പനികൾ നൽകുന്ന സൂചന. ഡിസംബറോടെ പ്രമുഖനഗരങ്ങളിലെങ്കിലും 5ജി.സേവനം ലഭ്യമായേക്കും.
5ജി. ഫോണുകളെ
എങ്ങനെ അറിയാം ?
ഇൗ വർഷം ആഗസ്റ്റിന് മുമ്പ് ഇറങ്ങിയിട്ടുള്ള ഫോണുകളിൽ 5ജി.സേവനമുണ്ടെന്ന് പറഞ്ഞാലും അത് പൂർണമായി ശരിയാകണമെന്നില്ല. അതിനാൽ അതിലെ ചിപ്പ്സെറ്റും ബാറ്ററിയും ശ്രദ്ധിക്കണം. അതില്ലെങ്കിൽ അപ്ഡേറ്റഡ് മോഡലിലേക്ക് മാറണം.
5ജി.സേവനം ലഭ്യമായിട്ടുള്ള ഫോണുകൾ അറിയാൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നല്ല ബാറ്ററി സപ്പോർട്ടുള്ള ഫോണുകളായിരിക്കണം. കുറഞ്ഞത് 5000 എം.എ.എച്ച് ബാറ്ററിയെങ്കിലും വേണ്ടിവരും. രണ്ടാമത്തത് ചിപ്സെറ്റാണ്. അത് 5 ജി.മോഡത്തെ സപ്പോർട്ട് ചെയ്യുന്നതായിരിക്കണം. അതായത് സ്നാപ്പ്ഡ്രാഗണിന്റെ 680,720ജി,860, പതിപ്പുകളോ, മീഡിയ ടെക്കിന്റെ ഹിലിയോ.ജി.96 പോലുള്ളവ ആയിരിക്കണം. 25000 രൂപയിൽ കൂടുതൽ വിലയുള്ള ഫോണുകളാണെങ്കിൽ ഇത്തരം ചിപ്സെറ്റുകളായിരിക്കും ഉണ്ടായിരിക്കുക. അതിന് താഴെ വിലയുള്ള ഫോണുകൾ വാങ്ങുമ്പോൾ ചിപ്സെറ്റ് മോഡൽ ശ്രദ്ധിക്കണം. പിന്നത്തേക്ക് മോഡലുകളാണ്. ഐഫോൺ 11ന് ശേഷമുള്ള ഫോണുകൾ മാത്രമേ 5 ജി ഉപയോഗിക്കാൻ കഴിയൂ.