500 കോടിയിൽ മണിരത്നത്തിന്റെ പൊന്നിയിൻ ശെൽവൻ,
വിജയ് ദേവരകൊണ്ടയുടെ ലൈഗർ ആഗസ്റ്റ് 25ന്

ബാഹുബലി, ആർ.ആർ.ആർ, കെ.ജി.എഫ് എന്നീ തെന്നിന്ത്യൻ ബ്രഹ്മാണ്ഡ ചിത്രങ്ങൾ സൃഷ്ടിച്ച ചരിത്രവിജയത്തിന് പിന്നാലെ മലയാളത്തിനും ബോളിവുഡിനും ഭീഷണിയായി മണിരത്നത്തിന്റെ പൊന്നിയിൻ ശെൽവനും വിജയ് ദേവരകൊണ്ടയുടെ ലൈഗറും എത്തുന്നു. ലൈഗർ ആഗസ്റ്റ് 25നും പൊന്നിയിൻ ശെൽവൻ സെപ്തംബർ 30നും ലോക വ്യാപകമായി റിലീസ് ചെയ്യും. സെപ്തംബർ 30ന് സുരേഷ് ഗോപിയുടെ മേ ഹും മൂസയും നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റും റിലീസ് ചെയ്യുന്നുണ്ട്.
വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ലൈഗർ അഞ്ചു ഭാഷകളിൽ എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് നായിക. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തെ സ്റ്റൈലിഷ് മാസ് സിനിമ എന്നാണ് വിശേഷിപ്പിക്കുന്നത്. രമ്യ കൃഷ്ണൻ, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ് പാണ്ഡെ എന്നിവരാണ് മറ്റു താരങ്ങൾ. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് നിർമ്മാണം.
മണിരത്നത്തിന്റെ സ്വപ്നചിത്രമായ പൊന്നിയിൻ സെൽവൻ കൽകി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായ്, തൃഷ്ണ, ഐശ്വര്യ ലക്ഷ്മ്മി, ശോഭിത ധുലിപാല, പ്രഭു, ലാൽ, പാർത്ഥിപൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, പ്രകാശ് രാജ് ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുണ്ട്.
ജയം രവി ആണ് പൊന്നിയിൻ സെൽവൻ. സംഗീതം: എ.ആർ. റഹ്മാനും ഛായാഗ്രഹണം രവിവർമനുമാണ്. മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.