sign-board-

ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള മുന്നോടിയായി ലേണേഴ്സ് എടുക്കാൻ സമയത്ത് റോഡിലെ അടയാളങ്ങളും അവയുടെ അർത്ഥങ്ങളുമെല്ലാം നാം കാണാപാഠം പഠിക്കാറുണ്ട്. എന്നാൽ പിന്നീട് ചില സൈൻ ബോർഡെങ്കിലും എന്തിനാണെന്ന് അറിയാതെ ചിന്തിക്കുന്നതും പതിവാണ്. ഇത്തരത്തിൽ ബംഗളൂരുവിലെ ഒരു സൈൻ ബോർഡിൽ വെളുത്ത പ്രതലത്തിൽ നാല് കറുത്ത കുത്തുകൾ കണ്ടയാൾക്കുണ്ടായ കൗതുകം ഏറെ പേർക്ക് പ്രയോജനകരമായിരിക്കുകയാണ്. റോഡ് അടയാള ബോർഡിലെ നാല് കുത്തുകൾ എന്തിനെന്ന് മനസിലാവാതെ ഒരു ട്വിറ്റർ ഉപയോക്താവ് അതിന്റെ ചിത്രമെടുത്ത് പൊലീസ് ട്വിറ്റർ ഹാൻഡിൽ ടാഗ് ചെയ്യുകയായിരുന്നു.

സംശയങ്ങൾ ദൂരീകരിക്കാൻ ഇദ്ദേഹത്തെ പൊലീസ് അധികാരികൾ സഹായിച്ചു. ബംഗളൂരു ട്രാഫിക് പൊലീസ് ഈ അടയാളത്തിന്റെ അർത്ഥം വിശദീകരിക്കുകയും ചെയ്തു. വെളുത്ത പശ്ചാത്തലത്തിൽ നാല് കറുത്ത കുത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് അന്ധനായ ഒരാൾ റോഡിലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ്. അന്ധർക്കായി നടത്തുന്ന സ്‌കൂളുകളോ, സ്ഥാപനങ്ങളോ ഇതിന് സമീപത്തായി ഉണ്ടാവാം. ഈ സ്ഥലത്തു കൂടി വാഹനത്തിൽ പോകുമ്പോൾ വേഗം കുറച്ചും, എപ്പോൾ വേണമെങ്കിലും ബ്രേക്ക് ഉപയോഗിക്കേണ്ടി വരാം എന്ന മുൻധാരണയിലും വേണം നാം വാഹനം ഓടിക്കുവാൻ. നമുക്ക് ചുറ്റിലുമുള്ള പലർക്കും ഈ ട്രാഫിക് ചിഹ്നത്തിന് പിന്നിലെ അർത്ഥം അറിയില്ലായിരിക്കാം.