
ലവ്‌ലി ചൗബെ, നയൻമണി സൈക്കിയ, രൂപ റാണി ടിർക്കി, പിങ്കി സിംഗ് ... ബർമിംഗ്ഹാമിൽ കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നതിന് മുമ്പും ഈ നാലുപേരും ഇന്ത്യൻ കായികരംഗത്തുണ്ടായിരുന്നു. എന്നാൽ അവരെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല; വർഷങ്ങളായി അവർ കളിക്കുന്ന ലോൺ ബാൾസ് എന്ന ഗെയിമും. എന്നാൽ ചൊവ്വാഴ്ച ബർമിംഗ്ഹാമിൽ നേടിയ ഒരൊറ്റ സ്വർണമെഡൽ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. മണ്ണിനടിയിൽ മറഞ്ഞുകിടക്കുന്ന പൊന്ന് ഖനനം ചെയ്യുമ്പോൾ തെളിയുന്നതുപോലെ ലോൺബാൾസും ഈ നാലുപെണ്ണുങ്ങളും ഇന്ത്യ മുഴുവൻ ചർച്ചയാകുന്നു.
കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും അപ്രതീക്ഷിതമായ സ്വർണമായിരുന്നു ലോൺബാൾസിലേത്. സെമിയിൽ ഈ കായിക ഇനത്തിലെ വൻ ശക്തികളായ ന്യൂസിലാൻഡിനെ അട്ടിമറിച്ച് ഫൈനലിലെത്തിയപ്പോഴേ ഇന്ത്യൻ വനിതാ ഫോർസ് ടീം ചരിത്രം കുറിച്ചിരുന്നു. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ അളന്നുമുറിച്ചുള്ള ത്രോകളിലൂടെ 17-10 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണത്തിൽ മുത്തമിട്ടത്. സെമിയിൽ ന്യൂസിലാൻഡിനെതിരേ 1-6ന് പിന്നിലായ ശേഷം അവിശ്വസനീയമായി തിരിച്ചടിച്ച ഇന്ത്യൻ സംഘത്തിന് കലാശപ്പോരിൽ ദക്ഷിണാഫ്രിക്ക കാര്യമായ വെല്ലുവിളിയായതേയില്ല.
അറിയാം വീരനായികമാരെ
ബർമിംഗ്ഹാമിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ലോൺ ബാൾ ടീമംഗങ്ങളിൽ പോലീസ് കോൺസ്റ്റബിളും പി.ടി അധ്യാപികയും ഫോസ്റ്റ് ഓഫീസറും സ്‌പോർട്‌സ് ഓഫീസറുമെല്ലാം ഇവരുടെ കൂട്ടത്തിലുണ്ട്. ഇവരിൽ രണ്ടുപേർ എം.എസ് ധോണിയുടെ നാടായ ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ളവരാണ്. കൂട്ടത്തിൽ ഏറ്റവും പ്രായമേറിയ ലവ്‌ലി ചൗബെ ജാർഖണ്ഡ് പോലീസിൽ കോൺസ്റ്റബിളാണ്. റാഞ്ചിയിൽ നിന്നുതന്നെയുള്ള രൂപ റാണി ടിർക്കി ജില്ലാ സ്‌പോർട് ഓഫീസറാണ്. പിങ്കി സിംഗ് ന്യൂഡൽഹിയിലെ ആർ.കെ പുരം ഡൽഹി പബ്ലിക് സ്‌കൂളിലെ കായികാധ്യാപികയാണ്. അസാമിൽ നിന്നുള്ള നയൻമണി സൈക്കിയ വനംവകുപ്പിലെ ഫോറസ്റ്റ് ഓഫീസറും.
ലവ്‌ലി ചൗബെ
ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ലവ്‌ലിയുടെ ജനനം. കോൾ ഇന്ത്യ ജീവനക്കാരനായിരുന്നു പിതാവ്. ജാർഖണ്ഡ് ബോർഡ് ഓഫ് എജ്യുക്കേഷനിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. 42-കാരിയായ താരം ഇപ്പോൾ ജാർഖണ്ഡ് പോലീസിൽ കോൺസ്റ്റബിളാണ്. 2008-ൽ തന്റെ ആദ്യ ലോൺ ബാൾസ് ദേശീയ ചാമ്പ്യൻഷിപ്പിൽ തന്നെ സ്വർണം സ്വന്തമാക്കി വരവറിയിച്ചയാളാണ് ലവ്‌ലി.
രൂപ റാണി ടിർക്കി
ജനനം ജാർഖണ്ഡിലെ റാഞ്ചിയിൽ. സെന്റ് ആൻസ് ഗേൾസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. ഗോസ്സ്‌നർ കോളേജിൽ നിന്ന് ബിരുദമെടുത്ത രൂപ 2020 മുതൽ ജാർഖണ്ഡ് സംസ്ഥാന സർക്കാരിന്റെ കായിക വകുപ്പിൽ ജില്ലാ സ്‌പോർട് ഓഫീസറായി ജോലി നോക്കുകയാണ്. 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബാൾസ് ട്രിപ്പിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചായിരുന്നു തുടക്കം. 2014-ൽ ട്രിപ്പിൾസ്, ഫോർസ് ഇനത്തിലും മത്സരിച്ചു. 2018-ലും ഫോർസ് ഇനത്തിലാണ് മത്സരിച്ചത്. 2020-ൽ ഓസ്‌ട്രേലിയയിൽ നടന്ന ലോക ഔട്ട്‌ഡോർ ബാൾസ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയ്ക്കായി മത്സരിച്ചു.
പിങ്കി സിംഗ്
ഡൽഹിയിൽ ഒരു ഇടത്തരം കുടുംബത്തിലാണ് പിങ്കി സിംഗിന്റെ ജനനം. ന്യൂഡൽഹിയിലെ സാൽവാൻ ഗേൾസ് പബ്ലിക് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കമല നെഹ്‌റു കോളേജിൽ നിന്ന് ബിരുദം നേടി. ഡൽഹി സർവകലാശാലയിൽ നിന്ന് സ്പോർട്സ് ബിരുദവും പട്യാലയിലെ സായിയിൽ നിന്ന് സ്പോർട്സ് ഡിപ്ലോമയും നേടി. നിലവില്‍ ആർ.കെ പുരം ഡൽഹി പബ്ലിക് സ്‌കൂളിലെ കായികാധ്യാപികയാണ്. ഇവിടെ വെച്ചാണ് ലോണ്‍ ബാൾസിലേക്ക് പിങ്കിയുടെ ശ്രദ്ധ തിരിയുന്നത്. 2010 കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായുള്ള പരിശീലനത്തിനും മറ്റുമായി ഡൽഹി പബ്ലിക് സ്‌കൂളിൽ ലോൺബാൾ മൈതാനം ഉണ്ടാക്കി. അതിനു ശേഷം ഈ മത്സരയിനം പിങ്കിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നു.
നയൻമണി സൈക്കിയ
അസമിലെ ഗോലാഘട്ട് ജില്ലയിലെ ഒരു കർഷക കുടുംബത്തിലാണ് നയൻമണി സൈക്കിയയുടെ ജനനം. ഒരു പ്രാദേശിക വ്യവസായിയെ വിവാഹം ചെയ്ത നയൻമണിക്ക് ഒരു മകളുമുണ്ട്. 2008-ലാണ് ലോൺ ബോൾസിൽ താരം കരിയറാരംഭിക്കുന്നത്. 2011 മുതൽ അസം വനംവകുപ്പിലെ ജീവനക്കാരിയാണ്.
പന്തുരുട്ടി നേടിയ പൊന്ന്
കോമൺവെൽത്ത് ഗെയിംസിൽ വനിതാ ലോൺ ബാൾസ് ടീം സ്വർണ മെഡലില്‍ മുത്തമിട്ടതോടെയാണ് ഇന്ത്യൻ കായിക പ്രേമികൾ ഈ കായിക ഇനത്തെപ്പറ്റി ഗൗരവമായി ചർച്ചചെയ്യുന്നത്. ലോൺ ബാൾസിന്റെ രീതികളെയും നിയമങ്ങളെയും കുറിച്ച് വിശദമായി അറിയാം..
ഒറ്റയ്ക്കും ടീമായും കളിക്കാവുന്ന കളിയാണ് ബാൾസ് എന്നറിയപ്പെടുന്നത്. ഇൻഡോറിൽ കളിക്കുന്ന ബാൾസ് ഗെയിമിനെ ഇൻഡോർ ബാൾസ് എന്നും ഔട്ട്‌ഡോറിൽ കളിക്കുന്നതിനെ ലാൺ ബാൾസ് എന്നും പറയുന്നു. ഇതിൽ ലോൺ ബാൾസാണ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായുള്ളത്. സിംഗിൾസ്, ഡബിൾസ്, ട്രിപ്പിൾസ്, ഫോർസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതിൽ നാലുപേർ ടീമായി മത്സരിക്കുന്ന ഫോർസ് വിഭാഗത്തിലാണ് ഇന്ത്യൻ വനിതകൾ കഴിഞ്ഞ ദിവസം സ്വർണ മെഡല്‍ സ്വന്തമാക്കിയത്.
വേണം കൃത്യത
അപാരമായ കൃത്യത ആവശ്യമുള്ള മത്സരയിനമാണിത്. പേര് പോലെ തന്നെ പന്ത് ഉപയോഗിച്ചുള്ള കളി തന്നെയാണ് ലോൺ ബാൾസ്. ഇൻഡോർ ബാൾസിൽ ഉപയോഗിക്കുന്ന പന്തിനേക്കാൾ ലോൺ ബാൾസിൽ ഉപയോഗിക്കുന്ന പന്തിന് ഭാരം കൂടുതലായിരിക്കും. കൂടാതെ ഒരു വശം കൂടുതൽ ഉരുണ്ടതുമായിരിക്കും. ഇത് പന്ത് കൂടുതൽ വളഞ്ഞ് സഞ്ചരിക്കാൻ സഹായകമാകും. ഇൻഡോർ ബാൾസിൽ കളിക്കാർക്ക് പന്ത് വളഞ്ഞ് സഞ്ചരിക്കാൻ പ്രത്യേകമായി സ്പിൻ ചെയ്യേണ്ടിവരും. മരം, റബ്ബർ, പ്ലാസ്റ്റിക്ക്,റെക്‌സിൻ എന്നിവ ഉപയോഗിച്ചാണ് പന്ത് നിർമ്മിക്കുന്നത്. കളിക്കാർക്ക് പന്തിൽ ഗ്രിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനവുമുണ്ടാകും. 112 മില്ലീ മീറ്റർ മുതൽ 134 മി.മീ വരെയാണ് പന്തിന്റെ വ്യാസം. ഭാരം 1.59 കിലോയും.
ജാക്ക് അഥവാ കിറ്റി
ജാക്ക് അഥവാ കിറ്റി എന്നും വിളിക്കുന്ന ചെറിയ പന്താണ് ഈ കളിയിലെ പ്രധാനി. ഇത് മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ഉണ്ടാകും. കളിക്കാർ എറിയുന്ന ബാളുകൾ ഈ ജാക്കിന് എത്ര അടുത്ത് എത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയപരാജയങ്ങൾ. ലോൺ ബാൾസ് ഫോർസ് മത്സരത്തില്‍ ആദ്യം ബൗൾ ചെയ്യുന്നയാളെ ലീഡ് എന്നാണ് വിളിക്കുക. രണ്ടാമത് ബൗൾ ചെയ്യുന്നയാൾ സെക്കൻഡും മൂന്നാമത്തെയാൾ തേർഡും അവസാനം പന്തെറിയുന്നയാൾ സ്‌കിപ്പ് എന്നുമാണ് അറിയപ്പെടുന്നത്. അവസാനം പന്തെറിയുന്നയാളാണ് ക്യാപ്ടൻ. രൂപ റാണി ടിർക്കിയാണ് ഇന്ത്യൻ ക്യാപ്ടൻ.
കളിക്കളം
ചതുരാകൃതിയിലുള്ള മൈതാനത്താണ് ലോൺ ബാൾസ് നടക്കുക. പുല്ലിന്റെ പ്രതലത്തിലും സിന്തറ്റിക്ക് പ്രതലത്തിലും മത്സരങ്ങൾ നടക്കും. കോമൺവെൽത്തിൽ പുൽമൈതാനമാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. ഈ മൈതാനത്തെ ബൗളിംഗ് ഗ്രീൻ എന്നാണ് വിളിക്കുന്നത്. ഇതിനെ വിവിധ സ്ട്രിപ്പുകളായി തരംതിരിച്ചിരിക്കും. റിങ്ക്‌സ് എന്നാണ് ഈ ഭാഗത്തെ പറയുന്നത്. ഓരോ റിങ്കിനും രണ്ട് അറ്റങ്ങൾ ഉണ്ടായിരിക്കും. കോയിൻ ടോസ് ചെയ്താണ് മത്സരം ആരംഭിക്കുന്നത്. ടോസ് ജയിക്കുന്ന ടീമാണ് മത്സരം ഏത് അറ്റത്തുനിന്നാണ് ആരംഭിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. ജയിക്കുന്ന ടീമിലെ അംഗം തങ്ങൾ തിരഞ്ഞെടുത്ത അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ജാക്ക് എറിയും. 600 മില്ലീമീറ്റർനീളവും 360 മില്ലീമീറ്റർ വീതിയുമുള്ള മാറ്റിൽ നിലയുറപ്പിച്ചാകണം കളിക്കാർ ബൗൾ ചെയ്യേണ്ടത്. ഇവിടെ നിന്നും ത്രോ ചെയ്യുന്ന ജാക്ക് 23 മീറ്ററെങ്കിലും അകലേക്ക് പോയാലേ നിയമപരമായി മത്സരം ആംഭിക്കാനാകൂ. ജാക്കിന്റെ ചലനം അവസാനിച്ച ശേഷം അത് റിങ്കിന്റെ മധ്യഭാഗത്തേക്ക് മാറ്റിവെയ്ക്കും. തുടർന്നാണ് ബൗളിംഗ് ആരംഭിക്കുക. പന്തെറിയുന്ന താരത്തിന്റെ കാലിന്റെ ഒരു ഭാഗം എറിയുന്ന സമയത്ത് മാറ്റിൽ ഉണ്ടായിരിക്കണം. എതിർ ടീമിനേക്കാൾ പന്തുകൾ ജാക്കിന് ഏറ്റവും അടുത്തെത്തിക്കുക എന്നതാണ് ലക്ഷ്യം.
പോയിന്റ് ക്രമം
ലോൺ ബാൾസ് ഫോർസ് മത്സരത്തിൽ ഒരു ടീം അംഗത്തിന് ഒരു റൗണ്ടിൽ രണ്ട് ത്രോകളാണ് ഉണ്ടായിരിക്കുക. ഓരോ റൗണ്ടിനെയും എൻഡ് എന്നാണ് പറയുക. ഇത്തരത്തിൽ 15 എൻഡുകളിലായാണ് ഫോർസ് മത്സരങ്ങൾ നടക്കുന്നത് ഓരോ എൻഡിലും എട്ട് ബൗളിംഗ് വീതമാണ് ഉണ്ടായിരിക്കുക. ഇത് അവസാനിച്ച ശേഷം ഏത് ടീമിന്റെ പന്താണോ ജാക്കിന് ഏറ്റവും തൊട്ടടുത്തുള്ളത് ആ ടീമിനാണ് പോയിന്റ് ലഭിക്കുക. ഒരു ടീമിന്റെ മൂന്ന് ബാളുകൾ എതിർടീമിന്റെ ബാളുകളേക്കാൾ ജാക്കിന് ഏറ്റവും അടുത്താണെങ്കിൽ ആ ടീമിന് മൂന്ന് പോയിന്റ് ലഭിക്കും. ഒരു പന്താണ് അടുത്തുള്ളതെങ്കിൽ ഒരു പോയിന്റും. ഇത്തരത്തിൽ ആദ്യം 21 പോയിന്റ് നേടുന്ന ടീം അല്ലെങ്കിൽ എല്ലാ എൻഡുകളും അവസാനിച്ച ശേഷം പോയിന്റ് നിലയിൽ മുന്നിലുള്ള ടീം വിജയികളാകും. ബർമിംഗ്ഹാമിൽ ഇന്ത്യ സ്വർണം നേടിയ മത്സരം 15 എൻഡുകളുള്ളതായിരുന്നു. 15 എൻഡുകൾക്ക് ശേഷം പോയിന്റ് നില തുല്യമായാൽ ഒരു എൻഡ് കൂടി നടത്തി വിജയകളെ കണ്ടെത്തും.