photo

പരിസ്ഥിതി സംരക്ഷണത്തിലെഅലംഭാവത്തിന്റെയും പ്രകൃതിയോട് കാട്ടുന്ന ക്രൂരതയുടെയും ഫലമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളം അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾ. പ്രകൃതിയുടെ കണ്ണീരാണ് പേമാരിയായും അതിതീവ്ര മഴയായും മേഘ വിസ്ഫോടനമായും ഉരുൾ പൊട്ടലായുമൊക്കെ ദുരന്തം വിതയ്ക്കുന്നത്. തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും മണ്ണിട്ട് നികത്തുകയും പരിസ്ഥിതിലോല മേഖലകളിൽ പോലും മലതുരന്ന് നൂറുകണക്കിന് പാറക്വാറികൾ പ്രവർത്തിക്കുന്നതുമൊക്കെ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കടുത്ത ആഘാതം ഏൽപ്പിക്കുമെന്നും അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ശാസ്ത്രകാരന്മാരും പരിസ്ഥിതിവാദികളും കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിട്ടും അതൊന്നും ചെവിക്കൊള്ളാനോ പരിഹാര നടപടികൾ സ്വീകരിക്കാനോ മാറിമാറി വരുന്ന സർക്കാരുകൾ ശുഷ്‌കാന്തി കാട്ടുന്നില്ല. ഓരോ വർഷവും പേമാരിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും നിരവധി മനുഷ്യജീവനുകളാണ് അപഹരിക്കുന്നത്. ഈ വർഷവും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. കെടുതികളിൽപ്പെട്ട് കഴിഞ്ഞ 4 ദിവസത്തിനിടെ നിരവധി പേരാണ് മരിച്ചത്. നഷ്ടപ്പെട്ട വീടുകളുടെയും തകർന്നടിഞ്ഞ കാർഷിക വിളകളുടെയും കണക്ക് അതിലേറെ ഭീമമാണ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെയാണ് സ്വാഭാവിക വനമേഖലയുടെ വിസ്തൃതി വല്ലാതെ കുറഞ്ഞത്. വനം മേഖലയെ റബ്ബർ തോട്ടങ്ങളും കൃഷിയിടങ്ങളും കവർന്നെടുത്തു. സ്വാഭാവിക വനവൃക്ഷങ്ങൾക്ക് പകരക്കാരായി വളർന്നുവരുന്ന ആഴത്തിൽ വേരോട്ടമില്ലാത്ത മരങ്ങൾ ഉരുൾപൊട്ടലിനെ ത്വരിതപ്പെടുത്തുന്നു. കേരളത്തിലെ ഏതാണ്ട് 60 ശതമാനം ഉരുൾപൊട്ടലുകളും റബ്ബർ തോട്ടങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്. തോട്ടങ്ങളിലെ നീർച്ചാലുകൾ തടസ്സപ്പെടുത്തുന്നതും ജലം മേൽമണ്ണിൽ കെട്ടിനിൽക്കാൻ അവസരം നൽകുന്നതും ഉരുൾപൊട്ടലിനെ സ്വാധീനിക്കുന്നു. ചെങ്കുത്തായ മലകളിൽ നീർച്ചാലുകൾ മണ്ണിട്ടു നികത്തി കെട്ടിട നിർമ്മാണങ്ങൾ നടത്തുന്നതും ജലസേചന കനാലുകൾ സംരക്ഷിക്കാതിരുന്നതും പ്രശ്‌നങ്ങളുടെ രൂക്ഷത വർദ്ധിപ്പിക്കുന്നു. മലഞ്ചെരിവുകളുടെ അടിഭാഗം വെട്ടിതാഴ്ത്തി വീടുവയ്ക്കുന്നതും ഭൂദ്രവ്യ ശോഷണത്തെ സഹായിക്കുന്നു.
പാറമടകളിൽ ഉഗ്രസ്‌ഫോടനം നടത്തുന്നത് സമീപപ്രദേശങ്ങളിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയും ശിലകളിൽ വിള്ളലുകൾ രൂപപ്പെടാനും മേൽമണ്ണും ദ്രവിച്ച പാറയുമടങ്ങുന്ന മേഖലയിൽ സുഷിരാവസ്ഥ സൃഷ്ടിക്കാനും ഇടയാക്കുന്നു. മഴവെള്ളം ഈ സുഷിരങ്ങളിൽ കൂടുതൽ സംഭരിക്കുകയും ഭാരം വർദ്ധിച്ച് ഗുരുത്വാകർഷണത്താൽ താഴോട്ടു പതിക്കുകയും ചെയ്യുമ്പോഴാണ് ഉരുൾ പൊട്ടലായി മാറുന്നത്.

സമാനതകളില്ലാത്ത പ്രളയദുരന്തത്തെയാണ് 2018 ൽ കേരളം നേരിട്ടത്. അടുത്ത പ്രളയത്തിനും വ്യാപകമായ ഉരുൾപൊട്ടലുമുണ്ടാകാൻ വർഷങ്ങൾ കാത്തിരിക്കണമെന്ന ധാരണയെ അസ്ഥാനത്താക്കിയാണ് 2019 ലും ദുരന്തങ്ങൾ ആവർത്തിച്ചത്. പ്രളയാനന്തര പുനർനിർമ്മാണവും പുനരധിവാസ പ്രവർത്തനങ്ങളും നടക്കുന്നതിനിടെ വീണ്ടും ദുരന്തങ്ങളുണ്ടാകുന്നു. ഇത് കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളെ ആകെ തകിടം മറിച്ചിരിക്കുകയാണ്. മലയോര മേഖലകളിലെയും തീരദേശ മേഖലയിലെയും ജനപ്പെരുപ്പവും സ്ഥലം കയ്യേറി നടത്തുന്ന അശാസ്ത്രീയമായ നിർമ്മിതികളും പ്രകൃതി വിഭവ ചൂഷണവുമെല്ലാം ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.

പ്രഹസനമാകുന്ന

പരിസ്ഥിതി സ്നേഹം

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ സംസ്ഥാനത്ത് കോടികൾ ചെലവഴിച്ച് നടത്തുന്ന പദ്ധതികളും പരിപാടികളും വേണ്ടവിധം പ്രയോജനപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് ഉതകുന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളി കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിയതുമുതൽ ഉയർന്നു തുടങ്ങിയതാണ് ഈ ചോദ്യം. ഇപ്പോൾ ബഫർ സോണിന്റെ പേരിലും ഇളവനുവദിക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങളാണ് പലകോണുകളിൽ നിന്നും ഉയരുന്നത്.

വർഷംതോറും സംസ്ഥാനത്ത് ഒരുകോടി ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി 2020 ൽ തുടക്കമിട്ടതാണ്. കോടികളാണ് ഇതിനായി സർക്കാർ ചെലവഴിക്കുന്നത്. ഓരോ വർഷവും ഒരു കോടി തൈകൾ വീതം ഉത്‌പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യും. സ്വകാര്യഭൂമിയിലും പൊതു സ്ഥലങ്ങളിലും നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ ഇതിനകം രണ്ട് കോടി തൈകൾ വിതരണം ചെയ്തോ, അത് എവിടെയൊക്കെ നട്ടുപിടിപ്പിച്ചു, നട്ടതിൽ എത്രയെണ്ണം വേരുപിടിച്ച് വളർന്നു .... തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരം നൽകാൻ ആരും തയ്യാറല്ല. എല്ലാ വർഷവും ലോകപരിസ്ഥിതി ദിനത്തിലാണ് ഒരുകോടി തൈകൾ വിതരണം ചെയ്യുന്നത്. ആ ദിവസം തിരഞ്ഞെടുത്തത് തന്നെ അശാസ്ത്രീയമാണെന്ന വാദം ഉയർന്നെങ്കിലും സർക്കാർ അത് പരിസ്ഥിതി ദിനത്തിൽ നടുന്ന ചെടികൾ വേണ്ടവിധം പരിപാലിച്ച് സംരക്ഷിക്കപ്പെടാറില്ലെന്നതാണ് യാഥാർത്ഥ്യം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, പരിസ്ഥിതി സംഘടനകൾ, മറ്റു സന്നദ്ധ സംഘടനകളെല്ലാം അന്നേ ദിവസം മത്സരിച്ച് ചെടി നട്ട് ഫോട്ടോയെടുത്ത് പിരിയുന്നതല്ലാതെ ചെടിയെ പിന്നീട് തിരിഞ്ഞു നോക്കാറേയില്ല. ഒരുകോടി ഫലവൃക്ഷത്തൈകളിൽ എത്രയെണ്ണം വള‌ന്നുവെന്നതിന് കണക്കില്ലാത്തതും ഇതിനാലാണ്.

കേരളത്തിൽ ഫലവർഗ്ഗങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന കൃഷി വകുപ്പ് ഒരുകോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതി നടപ്പാക്കുന്നത്. വനംവകുപ്പ്, എം.ജി.എൻ.ആർ.ഇ.ജി.എസ്, കൃഷി വകുപ്പ്, വി.എഫ്.പി.സി.കെ, കാർഷിക കർമ്മസേന, അഗ്രോ സർവ്വീസ് സെന്റർ, കാർഷിക സർവ്വകലാശാല എന്നിവയുടെ നഴ്‌സറികളിലും ഫാമുകളിലും ഉത്പാദിപ്പിച്ച 21 ഇനം തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഗ്രാഫ്റ്റ്, ലെയർ, ടിഷ്യൂകൾച്ചർ തൈകൾക്ക് 25 ശതമാനം വില ഈടാക്കും.

കണ്ടൽ ദിനവും

പ്രഹസനമാക്കി

ഇക്കഴിഞ്ഞ ജൂലായ് 26 ന് ലോക കണ്ടൽ ദിനത്തിൽ കൊല്ലം ശാസ്താംകോട്ട തടാകതീരത്ത് ആഘോഷത്തോടെയാണ് കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടയിൽ തടാകത്തിലെ മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണവും സൗന്ദര്യവത്ക്കരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കണ്ടൽച്ചെടി നട്ട് ഉദ്ഘാടനം ചെയ്തത് മുൻ എം.പി ടി.എൻ സീമയായിരുന്നു. ചടങ്ങ് ഗംഭീരമാക്കി ഫോട്ടോയെടുത്ത് എല്ലാവരും പിരിഞ്ഞു. എന്നാൽ കണ്ടൽച്ചെടികൾ ശുദ്ധജലത്തിൽ വളരാറില്ലെന്നും ഓരുജലത്തിലാണ് വളരുന്നതെന്നുമുള്ള ശാസ്ത്രയാഥാർത്ഥ്യം പോലും മനസ്സിലാക്കാതെയാണ് ഇവരെല്ലാം ചേർന്ന് കണ്ടൽദിനം പ്രഹസനമാക്കിയത്. കണ്ടലുകൾ വളരുന്നത് ഉപ്പ് രസമുള്ള ഓരുജലത്തിലും ചതുപ്പിലുമൊക്കെയാണ്. തീരദേശത്തിന്റെ ഹരിതകാവൽക്കാരെന്നാണ് കണ്ടലുകൾ അറിയപ്പെടുന്നത്. ലോക കണ്ടൽദിനത്തിൽ ശുദ്ധജല തടാകത്തിൽ കണ്ടൽ നട്ടതിലെ അശാസ്ത്രീയത പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരളസ‌ർവ്വകലാശാല കാര്യവട്ടം കാമ്പസിലെ സുവോളജി വിഭാഗം മേധാവിയുമായ ഡോ.സൈനുദ്ദീൻ പട്ടാഴി അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 590 കിലോമീറ്രറോളം തീരദേശമുള്ള കേരളത്തിൽ ഇന്ന് 1782 ഹെക്ടർ കണ്ടൽ വനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 1975 ലെ കണക്ക് പ്രകാരം 70,000 ഹെക്ടർ കണ്ടൽക്കാടുകൾ ഉണ്ടായിരുന്ന സ്ഥലത്താണിത്. പരിസ്ഥിതിയാകെ തകിടം മറിഞ്ഞ് പ്രകൃതി ദുരന്തങ്ങൾ നാടിനെ വിറങ്ങലിപ്പിക്കുമ്പോഴാണ് ഇത്തരം പ്രഹസനങ്ങളും അരങ്ങേറുന്നത്.