
തിരുവനന്തപുരം : റെഡ് അലർട്ട് പിൻവലിച്ചെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.
ഇടുക്കിയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. പത്തനംതിട്ട, തിരുവല്ല, താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
െറഡ് അലർട്ട് പിൻലിച്ചെങ്കിലും സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നു വീടുകൾ കൂടി പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു പൂർണമായി തകർന്നത്. തിരുവനന്തപുരം - 10, കൊല്ലം - 6, പത്തനംതിട്ട - 12, ആലപ്പുഴ - 8, ഇടുക്കി - 2, എറണാകുളം - 7, തൃശൂർ - 13, പാലക്കാട് - 1, മലപ്പുറം - 2, കോഴിക്കോട് - 4, വയനാട് - 6, കാസർകോഡ് - 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.