
വാഷിംഗ്‌ടൺ: ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ചൈനയുടെ മുന്നറിയിപ്പ് വകവയ്ക്കാതെ തായ്‌വാനിലെത്തിയ യു.എസ് ജനപ്രതിനിധി സഭാസ്പീക്കർ നാൻസി പെലോസി വിവാദ സന്ദർശനം പൂർത്തിയാക്കി ദക്ഷിണ കൊറിയയിലേക്ക് തിരിച്ചു.
ഞായറാഴ്ച ആരംഭിച്ച ഏഷ്യാ പര്യടനത്തിന്റെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച പെലോസി ചൊവ്വാഴ്ച രാത്രിയാണ് തായ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിലെത്തിയത്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 3.30ഓടെ പെലോസി തായ്‌വാനിൽ നിന്ന് മടങ്ങി. കൊറിയ സന്ദർശനത്തിന് ശേഷം പെലോസി ജപ്പാനിലേക്ക് തിരിക്കും.
' ലോകത്തെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്നായ" തായ്‌വാനൊപ്പം യു.എസ് ഉണ്ടെന്ന സന്ദേശം വ്യക്തമാക്കാൻ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് താനും കോൺഗ്രസ് അംഗങ്ങളും എത്തിയിരിക്കുന്നതെന്ന്" പെലോസി ഇന്നലെ തായ്‌വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്‌വെൻ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരുമായി പെലോസി കൂടിക്കാഴ്ച നടത്തി.
'തായ്‌വാനോടുള്ള പ്രതിബദ്ധതത ഉപേക്ഷിക്കില്ല. തായ്‌വാനുമായുള്ള സൗഹൃദത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. തായ്‌വാന്റെ സ്വാതന്ത്യവും സുരക്ഷയും പ്രധാനമാണ്" എന്നും പെലോസി പറഞ്ഞു. ന്യൂ തായ്‌പെയ് സിറ്റിയിലെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് മ്യൂസിയം സന്ദർശിച്ച പെലോസി ആക്ടിവിസ്റ്റുകളുമായും ചർച്ച നടത്തി.
വെല്ലുവിളി നേരിടുന്ന ഈ അവസരത്തിൽ രാജ്യത്തെത്തിയ പെലോസിയോടും യു.എസ് കോൺഗ്രസ് അംഗങ്ങളോടും സായ് ഇംഗ്‌വെൻ നന്ദി രേഖപ്പെടുത്തി. 1997ൽ അന്നത്തെ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കറായ ന്യൂറ്റ് ഗിങ്ങ്റിച്ചിന് ശേഷം തായ്‌വാൻ സന്ദർശിക്കുന്ന ആദ്യ മുതിർന്ന യു.എസ് ഉദ്യോഗസ്ഥയാണ് പെലോസി.