
ന്യൂഡല്‍ഹി: വ്യക്തിവിവര സംരക്ഷണ ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചു. സംയുക്ത പാർലമെന്ററി കമ്മിറ്റി 81 ഭേദഗതികൾ നിർദ്ദേശിച്ചതിന് പിന്നാലെയാണ് സർക്കാർ ബിൽ പിൻവലിച്ചത്. 2019ലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്. ഭേദഗതികൾ വരുത്തി പുതിയ ബിൽ അവതരിപ്പിക്കാനാണ് നിലവിലുള്ള ബിൽ പിൻവലിച്ചത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, വിവര സംരക്ഷണ അതോറിട്ടി (ഡാറ്റ പ്രൊട്ടക്ഷൻ അതോറിട്ടി) സ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സർക്കാർ മുന്നോട്ടുവച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ബിൽ പിൻവലിക്കാനുള്ള പ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് പ്രമേയം ശബ്‌ദ വോട്ടോയെ പാസാക്കുകയും ബിൽ പിൻവലിക്കപ്പെടുകയുമായിരുന്നു. പൗരന്മാരുടെ മൗലികാവാകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയിരുന്നു. സർക്കാരുകളും സ്വകാര്യ കമ്പനികളും വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. തുടര്‍ന്ന് ഇത് പരിശോധനയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16-ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെക്കുകയും ചെയ്തിരുന്നു.