
കാബൂൾ: ഒസാമ ബിൻലാദന്റെ പിൻഗാമിയായി അൽക്വഇദയുടെ നേതൃത്വം ഏറ്റെടുത്ത കൊടുംഭീകരൻ അയ്മൻ അൽ സവാഹിരിയെ ഡ്രോൺ ആക്രമണത്തിലൂടെ യു.എസ് വധിച്ചതിന് പിന്നാലെ സവാഹിരിക്ക് കാബൂളിൽ താവളമൊരുക്കിയതും സുരക്ഷയേകിയതും അഫ്ഗാനിസ്ഥാനിലെ കൊടും ഭീകര സംഘടനയായ ഹഖാനി നെറ്റ്‌വർക്കാണെന്ന വിവരം പുറത്തുവന്നതോടെ അഫ്ഗാനിസ്ഥാനോടുള്ള നിലപാട് ഇന്ത്യ കടുപ്പിച്ചേക്കും. താലിബാന്റെ ആഭ്യന്തര മന്ത്രിയും ഹഖാനി നെറ്റ്‌വർക്ക് തലവനുമായ സിറാജുദ്ദീൻ ഹഖാനിയുടെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സവാഹിരി കഴിഞ്ഞത്. താലിബാന്റെ ശാഖയായാണ് ഹഖാനി നെറ്റ്‌വർക്കിന്റെ പ്രവർത്തനം.
താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയതിന് പിന്നാലെ നയതന്ത്ര ബന്ധം അവസാനിപ്പിച്ചെങ്കിലും അഫ്ഗാനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഇന്ത്യ മാനുഷിക സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ, കൊടുംഭീകരനെ ഒളിപ്പിച്ച പശ്ചാത്തലത്തിൽ അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യ ഉടൻ പരിഗണിക്കില്ല. കൊടുംഭീകരരുടെ സാന്നിദ്ധ്യം അഫ്ഗാനിൽ സജീവമാണെന്നാണ് സവാഹിരിയുടെ വധം സൂചിപ്പിക്കുന്നത്.
അടുത്തിടെ വിവാദമായ കർണ്ണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് കൊണ്ടുള്ള സവാഹിരിയുടെ വീഡിയോ ഇക്കഴിഞ്ഞ ഏപ്രിലിൽ പുറത്തുവന്നിരുന്നു. ഹിജാബ് വിഷയത്തിൽ സമരക്കാരെ അനുകൂലിച്ച സവാഹിരി അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ മുസ്ലിങ്ങൾ പ്രതികരിക്കണമെന്ന് പറയുകയും ചെയ്തു. മുമ്പ് കാശ്മീരിനെ പറ്റിയും സവാഹിരി പ്രതികരിച്ചിട്ടുണ്ട്.
 ജാഗ്രതാ നിർദ്ദേശവുമായി യു.എസ്
സവാഹിരിയെ വധിച്ചതിന് പിന്നാലെ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി യു.എസ്. വിദേശത്തുള്ള യു.എസ് പൗരൻമാരെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായേക്കാമെന്നാണ് യു.എസിന്റെ മുന്നറിയിപ്പ്. ബോംബ് സ്‌ഫോടനങ്ങൾ മുതൽ തട്ടിക്കൊണ്ടുപോകൽ വരെയുള്ള ഏത് മാർഗവും ഭീകരർ സ്വീകരിച്ചേക്കാമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ സൂചിപ്പിക്കുന്നു.
വിദേശ യാത്രകൾ നടത്തുന്ന യു.എസ് പൗരന്മാർ യു.എസ് എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധം നിലനിറുത്തണമെന്നും യു.എസ് അറിയിച്ചു. സവാഹിരിയെ കൊന്നതിന് പിന്നാലെ ഭീകരർ പ്രതികാര നടപടിയ്ക്ക് മുതിർന്നേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് യു.എസിന്റെ ജാഗ്രതാ നിർദ്ദേശം.
 ഡി.എൻ.എ തെളിവ് വേണ്ട ?
ജൂലായ് 31 പ്രാദേശിക സമയം രാവിലെ 6.18ന് കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിന്ന സവാഹിരിയുടെ ശരീരത്തിൽ യു.എസിന്റെ ഹെൽ ഫയർ ആർ-9-എക്സ് മിസൈൽ തുളച്ചു കയറുകയായിരുന്നു. ഛിന്നഭിന്നമായ സവാഹിരിയുടെ മൃതദേഹം അയാളുടെ അനുയായികൾ നീക്കം ചെയ്തെന്നാണ് വിവരം. സ്വാഭാവികമായും മരിച്ചത് സവാഹിരിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യം യു.എസിന്റെ മുന്നിലുണ്ട്. 2011ൽ ബിൻ ലാദനെ വധിച്ചശേഷം മൃതദേഹം കൈക്കലാക്കി ഡി.എൻ.എ ടെസ്റ്റ് നടത്തിയിരുന്നു.
എന്നാൽ, മരിച്ചത് സവാഹിരിയാണെന്ന് ഉറപ്പിക്കാൻ തങ്ങൾക്ക് ഡി.എൻ.എ പരിശോധനയുടെ യാതൊരു ആവശ്യമില്ലെന്നും അയാളുടെ വ്യക്തിത്വവും മരണവും 'മറ്റ് ഉറവിട"ങ്ങളിൽ നിന്ന് സ്ഥിരീകരിച്ചെന്നും വൈറ്റ്‌ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോഒാർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. ദൃശ്യങ്ങളിലൂടെയും തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചെന്നും കിർബി കൂട്ടിച്ചേർത്തു.
 9/11 ആക്രമണത്തിന്റെ ശില്പി
അമേരിക്കയെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ മുഖ്യനാണ് സവാഹിരി. 9/11 ഭീകരാക്രമണത്തിന്റെ മാസ്റ്റർമൈൻഡ് ഒസാമ ബിൻ ലാദനെ യു.എസ് 2011ൽ വധിച്ചിരുന്നു. ലാദന്റെ പിൻഗാമിയായ സവാഹിരിയ്ക്കായി പല തവണ യു.എസ് വലവിരിച്ചിരുന്നു. 2001 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണം ഏൽപ്പിച്ച മുറിവ് ഇന്നും അമേരിക്കൻ ജനത മറന്നിട്ടില്ല.
റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുമായാണ് അൽക്വഇദ ഭീകരർ അമേരിക്കൻ മണ്ണിൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഈ വിമാനങ്ങളിൽ രണ്ടെണ്ണം ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്കും മൂന്നാമതൊരെണ്ണം യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി. ആക്രമണത്തിൽ വേൾഡ് ട്രേഡ് സെന്റർ തകർന്ന് നിലംപൊത്തി. നിരപരാധികളായ 2,977 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു.
മറ്റൊന്ന് പെൻസിൽവേനിയയിൽ തകർന്നുവീണു. ഈ വിമാനത്തിന്റെ ആക്രമണലക്ഷ്യം എവിടേക്കായിരുന്നുവെന്ന് വ്യക്തമല്ല. 9/11 ഭീകരാക്രമണ സമയത്ത് അമേരിക്കയുടെ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ. ബുഷ് ആയിരുന്നു.