uk

ലണ്ടൻ : ബ്രിട്ടണിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള പോസ്റ്റൽ ബാലറ്റുകളുടെ വിതരണം വൈകുന്നു. ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിൽ പുതിയ പ്രധാനമന്ത്രിയാകുന്നത് ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന വ്യക്തിയാണ്. ഇന്ത്യൻ വംശജനും ബ്രിട്ടണിലെ മുൻ ധനമന്ത്രിയുമായ ഋഷി സുനാക്കും ഫോറിൻ സെക്രട്ടറി ലിസ് ട്രസുമാണ് സ്ഥാനാർത്ഥികൾ.

180,000 പാർട്ടി അംഗങ്ങൾക്കിടെയിലെ പോസ്റ്റൽ ബാലറ്റിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. ഓൺലൈൻ വോട്ടിംഗിനും അവസരമുണ്ട്. ഓഗസ്റ്റ് 1നും 5നും ഇടയിൽ കൺസർവേറ്റീവ് അംഗങ്ങൾക്ക് പോസ്റ്റൽ ബാലറ്റുകൾ നൽകിത്തുടങ്ങുമെന്നും സെപ്റ്റംബർ 2 വരെ ഇവർക്ക് വോട്ട് രേഖപ്പെടുത്താമെന്നുമാണ് അറിയിച്ചിരുന്നത്.

എന്നാൽ, ബാലറ്റുകളുടെ വിതരണം സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി വൈകിപ്പിച്ചതായി പാർട്ടി അറിയിച്ചു. ഓഗസ്റ്റ് 11നകം ബാലറ്റുകൾ ലഭ്യമാകുമെന്നാണ് പുതിയ അറിയിപ്പ്. വോട്ടിംഗിൽ കൃത്രിമം നടന്നേക്കുമെന്ന് ഇന്റലിജൻസ് ഏജൻസി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം. സെപ്റ്റംബർ 2ന് വോട്ടിംഗ് സമയപരിധി അവസാനിക്കുന്നത് വരെ അംഗങ്ങൾക്ക് ചെയ്ത വോട്ട് തിരുത്താനുള്ള ഓപ്ഷൻ നൽകാനായിരുന്നു പാർട്ടിയുടെ തീരുമാനം.

എന്നാൽ ഇനി ഒരു പ്രത്യേക കോഡിന്റെ അടിസ്ഥാനത്തിൽ ഒറ്റത്തവണയേ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്നും ഇത് തിരുത്താനാകില്ലെന്നും പാർട്ടി അറിയിച്ചു. സെപ്റ്റംബർ 5ന് തന്നെ വിജയിയെ പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥിയ്ക്ക് 2024ലെ പൊതുതിരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായി തുടരാം.