ukraine

കീവ് : റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിനിൽ നിന്ന് പുറപ്പെട്ട ആദ്യ ധാന്യക്കപ്പൽ ഇന്നലെ തുർക്കിയെയുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചു. 26,000ടൺ ചോളം വഹിക്കുന്ന കപ്പൽ റഷ്യ, യുക്രെയിൻ, തുർക്കിയെ, ഐക്യരാഷ്ട്ര സംഘടന എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പരിശോധനകൾക്ക് ശേഷം ലെബനനിലേക്ക് തിരിച്ചു. യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായും തുർക്കിയെയുമായുള്ള സുപ്രധാന കരാറുകളിൽ ജൂലായ് 22ന് റഷ്യയും യുക്രെയിനും ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ധാന്യക്കയറ്റുമതി പുനരാരംഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കപ്പൽ യുക്രെയിനിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. കപ്പൽ ലെബനനിലെ ട്രിപ്പോളി തുറമുഖത്ത് എത്തിയ ശേഷം കരിങ്കടൽ തുറമുഖങ്ങളിൽ സജ്ജമാക്കിയ മറ്റ് 17 ധാന്യക്കപ്പലുകളും പുറപ്പെടുമെന്ന് യുക്രെയിൻ അറിയിച്ചു. 25 ദശലക്ഷം ടൺ ധാന്യം ആഫ്രിക്ക, മിഡിൽഈസ്റ്റ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുക.