
വാഷിംഗ്ടൺ : ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിന് വെടിയേറ്റ മക്‌ഡൊണാൾഡ് ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ. യു.എസിലെ ന്യൂയോർക്കിലാണ് സംഭവം. 23കാരനായ മാത്യു വെബ്ബിനാണ് വെടിയേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് ലഭിച്ച ഫ്രഞ്ച് ഫ്രൈസ് തണുത്തതായിരുന്നെന്ന് ഒരു സ്ത്രീ മാത്യുവിനോട് പരാതി പറഞ്ഞു.
തന്റെ മകനുമായി വീഡിയോ കോളിൽ സംസാരിക്കവെയായിരുന്നു സ്ത്രീ മാത്യുവിനോട് പരാതി പറഞ്ഞത്. സ്ത്രീ അവിടെ നിന്ന് പോയി കുറച്ച് സമയത്തിനുള്ളിൽ വീഡിയോ കോളിലുണ്ടായിരുന്ന 20കാരനായ മകൻ സ്ഥാപനത്തിലെത്തുകയും മാത്യുവുമായി തർക്കിക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ 20കാരൻ തന്റെ കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മാത്യുവിന്റെ കഴുത്തിൽ വെടിവയ്ക്കുകയായിരുന്നു. മാത്യുവിനെ ഉടൻ ആശുപത്രിയിലെത്തിക്കാനായെങ്കിലും നില അതീവ ഗുരുതരമാണ്.
കൃത്യം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. മൈക്കൽ മോർഗൻ എന്നാണ് ഇയാളുടെ പേരെന്നും ഇതിന് മുമ്പ് 12 തവണ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലായിൽ സാൻഡ്‌വിച്ചിൽ മയൊണൈസ് കൂടിപ്പോയതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ യു.എസിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റായ സബ്‌വേയുടെ ഒരു ജീവനക്കാരൻ വെടിയേറ്റ് മരിച്ചിരുന്നു.