
കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തൂലിക മന്നിന് വെള്ളി
വെയ്റ്റ് ലിഫ്റ്റിംഗിൽ ലവ്പ്രീത് സിംഗിനും സ്ക്വാഷിൽ സൗരവ് ഘോഷാലിനും വെങ്കലം
ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിലെ വനിതകളുടെ ജൂഡോയിൽ വെങ്കലം നേടി ഇന്ത്യൻ താരം തൂലിക മൻ.78+ കിലോ വിഭാഗം ഫൈനലിൽ സ്കോട്ട്ലാൻഡിന്റെ സാറാ അഡ്‌ലിംഗ്ടണിനോട് ഫൈനലിൽ തോറ്റതോടെയാണ് തൂലികയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
ഇന്നലെ ആദ്യം നടന്ന ക്വാർട്ടർ ഫൈനലിൽ മൗറീഷ്യസിന്റെ ട്രേസി ഡർഹോണിനെ 10-0ത്തിനാണ് തൂലിക കീഴടക്കിയത്. സെമിയിലെ എതിരാളിയായിരുന്ന ന്യൂസിലാൻഡിന്റെ സിഡ്നി ആൻഡ്രൂസും തൂലികയ്ക്ക് വെല്ലുവിളി ഉയർത്തിയതേയില്ല. 10-1നായിരുന്നു ഇന്ത്യൻ ജൂഡോ താരത്തിന്റെ വിജയം. ഫൈനലിൽ സ്കോട്ട്ലാൻഡിന്റെ സാറാ അഡ്‌ലിംഗ്ടണിനെതിരെ ആദ്യ ഘട്ടത്തിൽ മുന്നിട്ടുനിന്നത് തൂലികയാണ്. എന്നാൽ അഡ്ലിംഗ്ടൺ മൂന്നാം മിനിട്ടിൽ തൂലികയെ മലർത്തിയടിച്ചതോടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വെയ്റ്റ് ലിഫ്റ്റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു വെങ്കലമെഡൽ കൂടി ലഭിച്ചു. ഇന്നലെ 109 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ 355 കിലോ ഭാരമുയർത്തിയ ലവ്‌പ്രീത് സിംഗാണ് വെങ്കലമണിഞ്ഞത്.പുരുഷ സ്ക്വാഷ് സിംഗിൾസിൽ സൗരവ് ഘോഷാലും വെങ്കലം നേടി. ലൂസേഴ്സ് ഫൈനലിൽ ഇംഗ്ളണ്ടിന്റെ ജെയിംസ് വിൽസ് ട്രോപ്പിനെ 11-6,11-1,11-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സൗരവ് വെങ്കലമണിഞ്ഞത്.
ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം 16 ആയി ഉയർന്നു. അഞ്ചു സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലങ്ങളുമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. ബോക്സിംഗിൽ നിഖാത്ത് സരിനും നീതു ഘൻഘാസും മുഹമ്മദ് ഹുസാമുദ്ദീനും സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചു.
വെങ്കലമുയർത്തി ലവ്പ്രീത്
കോമൺവെൽത്ത് ഗെയിംസ് വെയ്റ്റ് ലിഫ്റ്റിംഗ് അരീനയിൽ മെഡൽത്തിളക്കം മായാതെ ഇന്ത്യ. ഇന്നലെ പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിൽ ലവ്പ്രീത് സിംഗാണ് വെങ്കലച്ചാർത്തണിഞ്ഞത്.
ആകെ 355 കിലോ ഭാരം ഉയർത്തിയാണ് ലവ്പ്രീത് മൂന്നാമനായത്. സ്‌നാച്ചിൽ 163 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 192 കിലോയുമാണ് ഇന്ത്യൻ താരം ഉയര്‍ത്തിയത്. സ്‌നാച്ച് കഴിഞ്ഞപ്പോൾ ലവ്പ്രീത് രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജർക്കിൽ എതിരാളികൾ 200 കിലോയിലേറെ ഉയർത്തിയപ്പോൾ ലവ്പ്രീത് മൂന്നാം സ്ഥാനത്തായി.
കഴിഞ്ഞവർഷം താഷ്കെന്റിൽ നടന്ന കോമൺവെൽത്ത് വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്ന താരമാണ് പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ലവ്പ്രീത്.നാവികസേനാ അംഗമാണ് ഈ 24കാരൻ.
361 കിലോ ഉയർത്തിയ കാമറൂണിന്റെ ജൂനിയർ പെറിക്ലക്‌സ് എൻഗാഡ്യ ന്യാബെയേയു ഈ ഇനത്തിൽ സ്വർണം നേടി. സ്‌നാച്ചിൽ 160 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 201 കിലോയുമാണ് കാമറൂൺ താരം ഉയർത്തിയത്. 358 കിലോ ഉയർത്തിയ സമോവയുടെ ജാക്ക് ഹിറ്റില ഒപ്പലോഗെ വെളളി സ്വന്തമാക്കി.
മെഡലുറപ്പിച്ച് നീതുവും ഹുസാമുദ്ദീനും
ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ ഉറപ്പിച്ച് വനിതാ വിഭാഗത്തിൽ നീതു ഘൻഘാസും പുരുഷ വിഭാഗത്തിൽ മുഹമ്മദ് ഹുസാമുദ്ദീനും സെമിഫൈനലിലെത്തി. വനിതകളുടെ 48 കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ വടക്കൻ അയൻലൻഡിന്റെ നിക്കോൾ ക്ലൈഡിയെ ഇടിച്ചിട്ടാണ് മെഡലിലേക്ക് ടിക്കറ്റെടുത്തത്. ഐറിഷ് താരത്തിനെതിരെ 21 കാരിയായ നീതു ഏകപക്ഷീയ വിജയമാണ് നേടിയത്. രണ്ട് തവണ യൂത്ത് ഗെയിംസിൽ സ്വർണം നേടിയ നീതുവിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസാണിത്. 2018-ൽ ബുഡാപെസ്റ്റിൽ നടന്ന യൂത്ത് ഗെയിംസിലും 2017ൽ ഗോഹട്ടിയിൽ നടന്ന യൂത്ത് ഗെയിംസിലുമാണ് നീതു സ്വർണം നേടിയിരുന്നത്. പുരുഷന്മാരുടെ 57 കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ നമീബിയയുടെ എൻഡെവെലോയെ 4-1ന് തോൽപ്പിച്ചാണ് ഹുസാമുദ്ദീൻ സെമിയിലെത്തിയത്.
വനിതാ ഹോക്കി: ഇന്ത്യ സെമിയിൽ
വനിതാ ഹോക്കിയിലെ പൂൾ എ മത്സരത്തിൽ കാനഡയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഇന്ത്യൻ ടീം സെമി ഫൈനലിലെത്തി.നാലാം ക്വാർട്ടറിലാണ് ഇന്ത്യ വിജയഗോൾ നേടിയത്. മൂന്നാം മിനിട്ടിൽ സ്കോറിംഗ് തുടങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 2-0ത്തിന് ലീഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് രണ്ട് ഗോളുകൾ വഴങ്ങി സമനിലയിലായി. ഇന്ത്യയ്ക്ക് വേണ്ടി സലിമ, നവ്‌നീത് കൗർ, ലാൽറെംസിയാമി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കാനഡയ്ക്ക് വേണ്ടി ബ്രിയന്നി സ്‌റ്റെയേഴ്‌സ്, ഹന്ന ഹോൺ എന്നിവർ ഗോളടിച്ചു. നാലാം ക്വാർട്ടറിൽ 51-ാം മിനിട്ടിൽ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.
ഈ വിജയത്തോടെ പൂൾ എ യിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആതിഥേയരായ ഇംഗ്ലണ്ടാണ് പൂൾ എ യിൽ ഒന്നാമത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ച് സെമി ഫൈനലിന് യോഗ്യത നേടുകയായിരുന്നു.
ഇതിന് പിന്നാലെ നടന്ന പുരുഷ ഹോക്കിയിൽ ഇന്ത്യ 8-0ത്തിന് കാനഡയെ തകർത്തുവിട്ടു. പൂൾ ബിയിൽ ഇന്ത്യയുടെ രണ്ടാമത്തെ വിജയമാണിത്. ആദ്യ മത്സരത്തിൽ ഘാനയെ കീഴടക്കിയിരുന്നു.