china

ബീജിംഗ് : തായ്‌വാൻ വിഷയത്തിൽ യു.എസുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ചൈന പുതിയ ആണവ പരീക്ഷണ കേന്ദ്രം നിർമ്മിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ചില ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതാണ് ഇത്തരമൊരു അഭ്യൂഹമുയരാൻ കാരണം. ഷിൻജിയാംഗ് ഉയ്‌ഗുർ സ്വയംഭരണ പ്രദേശത്താണ് ചൈന സൈനിക കേന്ദ്രം നിർമ്മിക്കുന്നത്.

ലോപ് നുർ തടാകത്തിന് മുകളിൽ 450 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ഉപഗ്രഹ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചൈന തങ്ങളുടെ സൈനിക ശക്തി കൂട്ടുന്നതിന്റെ ഭാഗമായാണ് ഇത്തരം നിർമ്മാണങ്ങളിലേർപ്പെട്ടിരിക്കുന്നത്. മുഖ്യ എതിരാളിയായ യു.എസിനെ ആണവശക്തിയിൽ പിന്തള്ളാനാണ് ചൈനയുടെ ശ്രമം.

ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള റഷ്യയ്ക്ക് തൊട്ടുപിന്നിലുള്ള ചൈന യു.എസിനേക്കാൾ മുന്നിലാണ്. ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാകുന്ന രഹസ്യ പരീക്ഷണ കേന്ദ്രം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സുരക്ഷാവലയത്തിനുള്ളിലാണെന്ന് ഒരു ഏഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ലോപ് നുർ പ്രദേശത്ത് ചൈന ഇതുവരെ അഞ്ച് ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തിയെന്ന് പറയപ്പെടുന്നു. ഇതിൽ 1996ലാണ് ഏറ്റവും അവസനത്തേത് നടന്നത്. അടുത്തിടെ ഈ മേഖലയിൽ ചൈന അടിസ്ഥാന സൗകര്യവികസനങ്ങൾ നടത്തിയിരുന്നു. ആണവ സംബന്ധമായ പരീക്ഷണങ്ങൾക്ക് സജ്ജമാകാനാണ് ഇതെന്നാണ് സംശയം.

2020 ഒക്ടോബറിലാണ് ഇവിടെ സൈനിക കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചതെന്ന് കരുതുന്നു. 2022ന്റെ ആദ്യ പകുതിയിൽ ആറ് ടണലുകൾ ഇവിടെ നിർമ്മിക്കപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഭൂഗർഭ കേന്ദ്രവും ഇതിന് സമീപമുണ്ട്. കൂടാതെ, ഈ മേഖലയിൽ റേഡിയേഷന്റെ തോത് ഉയർന്നതായും കണ്ടെത്തി.