s-africa

കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ കാണ്ടാമൃഗ വേട്ട ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ മാത്രം 259 കാണ്ടാമൃഗങ്ങളാണ് കൊമ്പിനായി വേട്ടയാടപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 249 ആയിരുന്നു.

ക്രൂഗർ നാഷണൽ പാർക്കിൽ മാത്രം ഇത്തവണ 82 കാണ്ടാമൃഗങ്ങൾ വേട്ടയാടപ്പെട്ടു. ക്വാസുലു നാറ്റൽ പ്രവിശ്യയിലും കാണ്ടാമൃഗ വേട്ട ഉയരുന്നു. 210 കാണ്ടാമൃഗങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള പാർക്കുകളിൽ നിന്നും 49 എണ്ണം സ്വകാര്യ പാർക്കുകളിൽ നിന്നും വേട്ടയാടപ്പെട്ടു.

ആഫ്രിക്കയ്ക്ക് പുറത്തേക്ക് കാണ്ടാമൃഗ കൊമ്പുകളുടെ ഡിമാൻഡ് കൂടുന്നതാണ് വേട്ടയാടൽ ഉയരാൻ കാരണം. ജനുവരി മുതൽ ജൂൺ വരെ കാണ്ടാമൃഗങ്ങളെ വേട്ടയാടിയതിനും അവയുടെ കൊമ്പ് കടത്തിയതിനും 69 പേർ അറസ്റ്റിലായി. ഇതിൽ 13 പേരെ പിടികൂടിയത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്കുകളിലൊന്നായ ക്രൂഗറിൽ നിന്നാണെന്നും സർക്കാർ പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വംശനാശ ഭീഷണി നേരിടുന്ന കറുത്ത കാണ്ടാമൃഗങ്ങളുടെ ആകെയുള്ളതിന്റെ പകുതിയോളവും ദക്ഷിണാഫ്രിക്കയിലാണ്. വെള്ള കാണ്ടാമൃഗങ്ങൾ ലോകത്ത് ഏറ്റവും കൂടുതലുള്ളതും ദക്ഷിണാഫ്രിക്കയിലാണ്.