apple

ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ മോഡലായ ഐഫോൺ 14 വൈകാതെ പുറത്തിറക്കുമെന്ന് സൂചനകൾ വരുന്നുണ്ട്. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്‌തംബർ 13നകം ഐഫോൺ 14 പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഐഫോൺ14 സ്റ്റാൻഡേർഡ് മോഡൽ ഐഫോൺ13നെക്കാൾ വളരെക്കുറച്ച് മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. സ്‌മാർഫോണിൻറെ ഡിസൈനിനെക്കുറിച്ച് പുറത്തായ ചില വിവരങ്ങളിൽ നിന്നാണ് ഇക്കാര്യം വെളിവായത്.

ഐഫോൺ 14 പ്രോ മോഡലുകൾക്ക് മാത്രമേ ഡിസൈനിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടു. ആൻഡ്രോയിഡ് ഫോണുകളിൽ കാണുന്ന പഞ്ച് ഹോൾ ഡിസ്‌പ്ളേ ഡിസൈൻ ഉണ്ടാകാനിടയില്ല. വൈഡ്‌നോച്ച് ഡിസൈനോടുകൂടിയ മുൻവശവും പിന്നിൽ ഡ്യുവൽ ക്യാമറയും തന്നെയാകും. അലുമിനിയം ഫ്രെയിമോടുകൂടിയ ഗ്ളാസ് ബാക്ക് ഡിസൈനാകും ഉണ്ടാകുക.

6.1 ഇഞ്ച് ഒഎൽഇഡി 90 ഹെഡ്സ്‌ ഡിസ്‌പ്ളേയാകും ഐഫോൺ14ൽ. ഐഫോൺ13ൽ ഇത് 60 ഹെഡ്‌സ് ഡിസ്‌പ്ളെയാണ്. ബയോണിക് എ15 ചിപ്പ് ആയിരിക്കും ആപ്പിൾ ഐഫോൺ13ലെ പോലെ ഐഫോൺ 14നും.ഐഒഎസ്16 ഓപ്പറേറ്റിംഗ് സിസ്‌റ്റമടങ്ങിയ ഫോണിൽ ബാറ്ററി പവറിനെ കുറിച്ച് എന്നാൽ വ്യക്തത വന്നിട്ടില്ല. ഓട്ടോഫോക്കസിംഗ്, മാക്രോ സാങ്കേതികവിദ്യകളുള‌ള ക്യാമറയാകും ഐഫോൺ 14ന്, ബാറ്ററിയിലെപോലെ ക്യാമറയിലും പുതിയ സാങ്കേതിക വിദ്യതന്നെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.