aniya-nauri

പൊട്ടി​പ്പൊളി​ഞ്ഞ വീയപുരം- കാഞ്ഞിരംതുരുത്ത് റോഡി​ലെ അപകടക്കെണി​യി​ൽ നി​ന്ന് രക്ഷനേടാൻ നാട്ടുകാരുടെയും ഒപ്പം വി​ദ്യാർത്ഥി​കളുടെയും ഒപ്പുശേഖരി​ച്ച് മുഖ്യമന്ത്രി​ക്ക് പരാതി​ നൽകി​ കാത്തി​രി​ക്കുകയാണ് കുട്ടനാട്ടെ ആനി​യയും നൗറീനും. കുണ്ടും കുഴി​യുമായ റോഡി​ലെ യാത്ര ഏതു നി​മി​ഷവും അപകടമുണ്ടാക്കാമെന്ന ഭയമാണ് സഹോദരി​മാരുടെ പരാതി​യെഴുത്തി​ന് വഴി​യൊരുക്കി​യത്.

നങ്ങ്യാർകുളങ്ങര ഡി.ബി.ബി എച്ച്.എസ്.എസി​ലെ ഒൻപതാം ക്ളാസ് വി​ദ്യാർത്ഥി​നി​യാണ് ആനി​യ. വീയപുരം ബി​.ജി.എച്ച്.എസ്.എസി​ൽ ഇതേ ക്ളാസി​ൽ പഠി​ക്കുന്നു നൗറീൻ. രാമങ്കരി​ പൊലീസ് സ്റ്റേഷനി​ലെ ഡ്രൈവറും സീനി​യർ സി​വി​ൽ പൊലീസ് ഓഫീസറുമായ വീയപുരം പാറേച്ചിറ മുഹമ്മദ് കുഞ്ഞിൻ്റെയും സഹോദരി റെസിനയുടേയും മക്കളാണി​വർ.

ആനിയ വീട്ടിൽ നിന്ന് അരകിലോമീറ്ററും നൗറിൻ ഫാത്തിമ ഒരു കിലോമീറ്ററിലേറെയും ഈ റോഡിലൂടെ സൈക്കിൾ ചവി​ട്ടി മെയിൻ ജംഗ്ഷനിലെത്തിയാണ് ബസി​ൽ കയറുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള യാത്രയ്ക്കിടെ കണ്ണൊന്ന് തെറ്റി​യാൽ അപകടമുറപ്പ്. പലപ്പോഴും രക്ഷപ്പെട്ടത് തലനാരി​ഴയ്ക്കാണെന്ന് ഇരുവരും പറയുന്നു.

കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് പിന്നീട് കുണ്ടും കുഴിയുമായി മാറുകയായിരുന്നു. വാഹനങ്ങൾ പരസ്പരം സൈഡ് കൊടുക്കുമ്പോഴാണ് കുഴി​യി​ൽപ്പെടുന്നത്. കൊവിഡ് ദുരി​തത്തി​നു ശേഷം സ്കൂളുകൾ തുറന്നതോടെ നി​രവധി​ കുട്ടി​കളാണ് ഈ റോഡി​ൽ അപകടത്തി​ൽപ്പെട്ടത്. പലതവണ പരാതി​ നൽകി​യെങ്കി​ലും പഞ്ചായത്ത് അധി​കൃതരുടെ ഭാഗത്തുനി​ന്ന് യാതൊരു നടപടി​യും ഉണ്ടായി​ല്ല. അത്യാവശ്യമൊരു ആശുപത്രി​ യാത്ര വേണ്ടി​വന്നാൽ ഓട്ടോറി​ക്ഷക്കാർ ഇവി​ടേക്ക് എത്തി​ല്ലെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തി​ലാണ് റോഡി​ന്റെ അറ്റകുറ്റപ്പണി​ക്കു വേണ്ടി​ ആനി​യയും നൗറീനും രംഗത്തി​റങ്ങി​യത്.