ksrtc

തിരുവനന്തപുരം: ദിവസവരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ തുടങ്ങിയതോടെ കെഎസ്ആർടിസിയിൽ ഡീസൽ വിതരണം മുടങ്ങി. എണ്ണക്കമ്പനികൾക്ക് പണമടയ്ക്കുന്നത് നിർത്തിവച്ചതോടെയാണ് ഡീസൽ വിതരണം പ്രതിസന്ധിയിലായത്. ഡീസൽ ഇല്ലാത്തതിനാൽ ബുധനാഴ്ച വടക്കന്‍, മദ്ധ്യ മേഖലകളില്‍ 250 ബസുകള്‍ സര്‍വീസ് റദ്ദാക്കി.

മഴ കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് ചൊവ്വാഴ്ചത്തെ വരുമാനം. ബാങ്ക് ഓവർഡ്രാഫ്റ്റായി ലഭിച്ച 50 കോടിയ്ക്ക് ശേഷം ദിവസവരുമാനത്തിൽ നിന്നാണ് ശമ്പളം നൽകിയത്. കഴിഞ്ഞ മൂന്നുദിവസമായി എണ്ണക്കമ്പനികൾക്ക് പണമടച്ചിട്ടില്ല. പത്ത് കോടി രൂപയോളം കുടിശികയുണ്ട്. ജൂണിലെ ശമ്പളം പൂര്‍ണമായി നല്‍കിയിട്ടില്ല. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജില്ലതിരിച്ചാണ് ശമ്പളം നല്‍കുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്പളം നല്‍കാനുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കേണ്ടതുണ്ട്. ശമ്പളക്കുടിശിക തീര്‍ക്കാന്‍ പത്ത് കോടി രൂപയോളം വേണം. സർക്കാരിനോട് അടിയന്തര സഹായമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം കൃത്യമായി ലഭിക്കാത്തതാണ് മാനേജ്മെന്റിനെ വലയ്ക്കുന്നത്. കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടവിനായി മാസം 30 കോടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. സാമ്പത്തികപ്രതിസന്ധി തരണം ചെയ്യാന്‍ സാമ്പത്തികസഹായം 50 കോടി രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തത് കടുത്ത പ്രതിസന്ധിയ്ക്ക് കാരണമായി. രക്ഷാപാക്കേജിന് അന്തിമ രൂപം നല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യൂണിയനുകളുമായി ചര്‍ച്ചനടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും യോഗം നടന്നിട്ടില്ല.