
ലോകക്ഷേമഹിതാനുകാരിയായ അതിമോഹന വാങ്മയചിത്രമാണ് ''രാമായണം''
ലങ്കയെ ചിത്തമായും, ശ്രീരാമചന്ദ്രനെ മുമുക്ഷുവായ ജീവനായും, വിഭീഷണനെ സത്വഗുണമായും രാവണനെ തമോഗുണമായും കുംഭകർണ്ണനെ രജോഗുണമായും രക്ഷോഗണങ്ങളെ വികാരചിത്തവൃത്തികളായും സമുദ്രത്തെ ബാഹ്യപ്രപഞ്ചമായും, സേതുവിനെ ഉൽക്കടവൈരാഗ്യമായും കണക്കാക്കുന്നു.
മാനവികതയുടെ മഹനീയ ചിത്രമാണ് രാമായണത്തിലെ ഭരതൻ. ഭരതൻ ഭരിച്ച ഭാരതത്തിന്റെ രാജശ്രീ (രാജ്യശ്രീ) ഏത് കലുഷിതമായ സാഹചര്യങ്ങളിലും ഇന്നും നഷ്ടപ്പെടാതെയിരിക്കുന്നത് പൂർവസൂരികളായ മഹാസുകൃതികളുടെ കർമ്മപുണ്യഫലമാണ്. അനർഹമായതെന്തും അകറ്റിനിറുത്തിയ ഭരതൻ ആത്മചൈതന്യത്തിന്റെ പ്രതീകമാണ്. ശ്രീരാമൻ ശബരിയോടും ഗുഹനോടും കാണിച്ച നിർമ്മലസ്‌നേഹവും ആദരവും,'സമുദ്രത്തെപ്പോലെ ഗംഭീരനും ഹിമവാനെപ്പോലെ ധീരനും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭഗവാന്റെ സത്യധർമ്മ സ്‌നേഹപരിത്യാഗ ഭാവങ്ങളുടെ സാരസന്ദേശങ്ങളാണ്. ലോകത്തിൽ പർവതങ്ങളും നദികളും എത്രകാലം നിലനിൽക്കുമോ അത്രയും കാലം രാമായണവും നിലനിൽക്കുമെന്നാണ് സൃഷ്ടിസ്വരൂപനായ ബ്രഹ്മാവ് അനുഗ്രഹിച്ചിരിക്കുന്നത്.
അക്രമംകൊണ്ടു ഉപജീവനം നയിച്ച കാട്ടാളൻ രാമനാമത്താൽ വിമലീകരിക്കപ്പെട്ട കഥയാണ് വാത്മീകിയുടേത്. തുടർന്ന്, വാത്മീകി
'രാമകഥ' പറയാൻ കാരണമായി ഭവിച്ചതും ഒരു കാട്ടാളൻ നിമിത്തമാണ്. പരമാത്മചൈതന്യത്തിന്റെ പ്രതിബിംബമായി മാറിയ വാത്മീകി ആദ്ധ്യാത്മിക ചിന്താവിശുദ്ധിയിലൂടെ മനുഷ്യനുണ്ടാകാവുന്ന പരിവർത്തനത്തെയാണ് പ്രകടമാക്കുന്നത്. വർത്തമാനകാല സമൂഹത്തിന്റെ വന്ധ്യമായ മനസും ഊഷരമായ
ചിന്താഗതികളും നമ്മുടെ വിശിഷ്ടമായ സംസ്‌കാരത്തെ തമസ്‌കരിയ്ക്കുമ്പോൾ നിസ്വനെയും നിരഹങ്കാരിയെയും ഭയപ്പെടുത്തി, തനിക്കും സ്വജനങ്ങൾക്കുമായി സ്വേച്ഛനടപ്പിലാക്കുന്ന ഹിംസ്രബുദ്ധികൾക്ക് രാമായണത്തിന്റെ അന്തഃസത്ത നൽകുന്ന വെളിച്ചം വ്യാഖ്യാനാതീതമാണ്. ധർമ്മത്തിൽനിന്നു സമ്പത്തുണ്ടാകുന്നു. സമാധാനവും സുഖവും ധർമ്മത്തിൽ
നിന്നു ലഭിയ്ക്കുന്നു. ധർമ്മം അഴിയ്ക്കപ്പെട്ടാൽ അത് നമ്മെ നശിപ്പിക്കും. അത് പരിരക്ഷിക്കപ്പെട്ടാൽ നമ്മെ രക്ഷിക്കും. അഴിയ്ക്കപ്പെടാത്ത ധർമ്മം നമ്മെ നശിപ്പിക്കുകയില്ല. ധർമ്മത്തെ ഒരിക്കലും ത്യജിക്കരുതാത്തതാണ്. ഈ ധർമ്മബോധം തന്നെയാണ് രാമായണ മാസാചരണത്തിന്റെ സന്ദേശവും. മനസ്സിനെ ബുദ്ധിയ്ക്കു വിധേയമാക്കി പാകപ്പെടുത്തിയെടുക്കാനാണ്
രാമായണ മാസാചരണം.
ജനാധിപത്യത്തെ വിശ്വവന്ദനീയമാക്കി, ലോകമംഗളത്തിന്റെ ഉപകരണമാക്കി രാജ്യം ഭരിച്ച ശ്രീരാമനും ആ പ്രജാപതിയുടെ രാമരാജ്യവും എന്നും ഔന്നത്യത്തിന്റെ ഗിരിശൃംഗങ്ങളിൽ വിരാജിക്കുന്നു. അന്ധകാരമയമായ അസുരഭാവവും പ്രഭാമയമായ ധർമ്മപ്രഭാവവും (സുരഭാവവും) തമ്മിലുള്ള ജയാപജയങ്ങളിൽ നിന്നുണ്ടാകുന്ന സ്ഥായിയായ വിജയവുമാണ് 'രാമരാജ്യ'ത്തിൽ നാം
കാണുന്നത്. ജീവിതത്തിന്റെ നെടുംതൂണായി ധർമ്മത്തെ കരുതണമെന്ന് രാമായണം നമ്മെ ഉദ്ബോധിപ്പിക്കുന്നു. മാനവികത നിലനിറുത്താനും അതിന്റെ മഹനീയതയിൽ ജീവിത ശുഭഗതി വരുത്താനും സത്യധർമ്മപരിപാലന പുരുഷോത്തമനായ ശ്രീരാമൻ നമ്മെ പഠിപ്പിക്കുന്നു.