
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. ഓഗസ്റ്റ് 15ന് ഒട്ടേറെ പ്രത്യേകതകൾ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ചരിത്ര ദിനത്തിൽ ഐ.എസ്.ആർ.ഒയും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയാണ്.
ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച 75 പേലോഡുകൾ ഐ.എസ്.ആർ.ഒ വിക്ഷേപിക്കും. 'ആസാദിസാറ്റ്' എന്ന് വിളിക്കുന്ന പേലോഡുകൾ ഓഗസ്റ്റ് ഏഴിന് കന്നി ദൗത്യം നടത്താൻ സജ്ജമാക്കിയിരിക്കുന്ന സ്മോൾ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (എസ്.എസ്.എൽ.വി) വിക്ഷേപിക്കും.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമാണ് ഈ ആറ് മാസം ദെെർഘ്യമുള്ള പദ്ധതി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 9:18 ന് ലോ എർത്ത് ഓർബിറ്റിലേക്ക് ഉപഗ്രഹം വിക്ഷേപിക്കും.
എന്താണ് ആസാദിസാറ്റ്
ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ പഠിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതിന്റെ ഫലമാണ് ആസാദിസാറ്റ്. ചതുരാകൃതിയിലുള്ള ഒരു ചെറിയ ഉപഗ്രഹമായ ക്യൂബ്സാറ്റ്. എട്ട് കിലോഗ്രാം ഭാരമുള്ള ക്യൂബ്സാറ്റിൽ 75 വ്യത്യസ്ത പേലോഡുകൾ വഹിക്കുന്നു. ഓരോന്നിനും ഏകദേശം 50 ഗ്രാം ഭാരമുണ്ട്.
രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് ഈ പേലോഡുകൾ നിർമ്മിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയതായും പിന്നീട് ഇവ 'സ്പേസ് കിഡ്സ് ഇന്ത്യയുടെ' വിദ്യാർത്ഥി ടീം സംയോജിപ്പിച്ചുവെന്നും ഐ.എസ്.ആർ.ഒ പറയുന്നു.
അമച്വർ റേഡിയോ ഓപ്പറേറ്റർമാർക്ക് വോയ്സ്, ഡാറ്റ ട്രാൻസ്മിഷൻ സാദ്ധ്യമാക്കാൻ ഹാം റേഡിയോ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന യു.എച്ച്.എഫ് - വി.എച്ച്.എഫ് ട്രാൻസ്പോണ്ടർ മാത്രമല്ല, ഒരു സെൽഫി ക്യാമറയും പേലോഡുകളിൽ ഉൾപ്പെടുന്നു.
ഭ്രമണപഥത്തിലെ അയോണൈസിംഗ് റേഡിയേഷൻ അളക്കാൻ സോളിഡ്-സ്റ്റേറ്റ് പിൻ ഡയോഡ് അടിസ്ഥാനമാക്കിയുള്ള റേഡിയേഷൻ കൗണ്ടറും ഒരു ദീർഘദൂര ട്രാൻസ്പോണ്ടറും ആസാദിസാറ്റിലുണ്ട്. നിരീക്ഷണത്തിനും ഭ്രമണപഥത്തിലെ പേലോഡുകളുമായി ആശയവിനിമയം നടത്താനും സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിച്ച 'ഗ്രൗണ്ട് സിസ്റ്റം' ഐ.എസ്.ആർ.ഒ ഉപയോഗിക്കും.
ഈ വർഷത്തെ യു.എൻ തീം 'വിമൻ ഇൻ സ്പേസ്' എന്നതായതിനാൽ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആദ്യത്തെ ബഹിരാകാശ ദൗത്യമാണിതെന്ന് ഉപഗ്രഹം വികസിപ്പിച്ച സ്പേസ് കിഡ്സ് ഇന്ത്യയുടെ ചീഫ് ടെക്നോളജി ഓഫീസർ റിഫാത്ത് ഷാറൂഖ് പറഞ്ഞു.
500 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭ്രമണപഥത്തിൽ എത്തിക്കുന്നതിനാണ് എസ്.എസ്.എൽ.വി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പി.എസ്.എൽ.വിക്ക് 1,750 കിലോഗ്രാം പേലോഡ് വരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. കുറഞ്ഞ ചെലവ്, വേഗം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണം വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എസ്.എസ്.എൽ.വിയുടെ പ്രത്യേകതകളാണ്.