shampoo

മുടിയിലെ എണ്ണയും അഴുക്കും മാറ്റാനാണ് നമ്മൾ ഷാംപൂ ഉപയോഗിക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന കെമിക്കൽ ഷാംപൂ പലപ്പോഴും നമ്മുടെ മുടിയെ നശിപ്പിക്കുന്നു. മുടി പൊട്ടിപ്പോകാനും പൊഴിച്ചിലുണ്ടാകാനും ഇത് കാരണമാകുന്നു. എന്നാൽ ഷാംപൂ ഉപയോഗിക്കാതിരുന്നാലോ മുടിയിൽ അഴുക്ക് നിറഞ്ഞ് താരൻ വരും. ഇതിനൊരു ശാശ്വത പരിഹാരമാണ് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന ഷാംപൂ. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ ഷാംപൂ മാസങ്ങളോളം കേട് കൂടാതെ ഇരിക്കും. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്കും യാത്ര ചെയ്യുന്നവർക്കും പോലും ഈ ഷാംപൂ കൊണ്ടുപോകാവുന്നതാണ്.

ഷിക്കാക്കായ് പൊടി

കേശ സംരക്ഷണത്തിന് വർഷങ്ങളായി ഉപയോഗിക്കുന്ന പ്രകൃതിദത്ത ചേരുവകളിലൊന്നാണ് ഷിക്കാക്കായ് പൊടി അഥവാ ചീവയ്ക്ക പൊടി. വിറ്റാമിൻ എ, സി, ഡി, ഇ, കെ എന്നിവയാൽ സമ്പന്നമായ ഷിക്കാക്കായ് പൊടി മുടി വൃത്തിയാക്കാൻ വളരെയധികം നല്ലതാണ്.

റീത്ത പൊടി

മുടിയിലെ എണ്ണമയം മാറ്റി ശിരോചർമം വൃത്തിയാക്കാനും മുടിക്ക് തിളക്കം നൽകാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും റീത്ത പൊടി നല്ലതാണ്.

നെല്ലിക്ക പൊടി

മുടിക്ക് കറുപ്പ് നിറം ലഭിക്കാനും മുടി കൊഴിച്ചിൽ മാറാനും നെല്ലിക്ക പൊടി സഹായിക്കും.

പുളിച്ച കഞ്ഞിവെള്ലം

അകാലനര വരുന്നത് തടയാനും മുടി കൊഴിച്ചിലും താരനും കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കുന്നു. തലേദിവസത്തെ കഞ്ഞിവെള്ലം എടുക്കുന്നതാണ് കൂടുതൽ നല്ലത്. കഞ്ഞിവെള്ളത്തിന് പകരം അരി കഴുകിയ വെള്ളവും ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളം ഇല്ലെങ്കിൽ പകരം കറ്റാർവാഴ ജെൽ , തൈര് , തേങ്ങാപ്പാൽ, ഉലുവ കുതിർത്ത വെള്ളം ഇവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഷാംപൂ

അഞ്ച് സ്പൂൺ വീതം ഷിക്കാക്കായ് പൊടിയും റീത്ത പൊടിയും എടുക്കുക. ഇതിലേയ്ക്ക് മൂന്ന് സ്പൂൺ നെല്ലിക്ക പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് കഞ്ഞിവെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പതിനഞ്ചത് മിനിട്ട് മാറ്റി വയ്ക്കുക.

ഉപയോഗിക്കേണ്ട വിധം

തലയിൽ നന്നായി വെളിച്ചെണ്ണ തേയ്ച്ച് പിടിപ്പിക്കുക. ശേഷം നേരത്തേ മാറ്റി വച്ച ഷാംപൂ തലയിലും മുടിയിലും നന്നായി തേയ്ച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം വെള്ളത്തിൽ കഴുകിക്കളയുക.