
ഇക്കഴിഞ്ഞ മൻ കീബാത്തിൽ രാജ്യത്തെ തേൻ കർഷകരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീർഘമായി സംസാരിക്കുകയുണ്ടായി. അതിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ ഒരാളുണ്ട്. ഉത്തർപ്രദേശുകാരനായ നിമിത് സിംഗ്. എൻജിനീയറിംഗ് ബിരുദധാരിയായ ഈ യുവാവ് തേൻ കൃഷിയിലൂടെ രാജ്യത്ത് വൻ വിപ്ളവം തന്നെയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മധുമഖിവാല എന്ന പേരിൽ ആരംഭിച്ച സംരംഭം ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് ഒന്നാംതരം തേൻ കയറ്റുമതി ചെയ്യുന്നുണ്ട്.
പെട്ടെന്നൊരുദിവസം തേനീച്ച കൃഷിയിലേക്ക് ഇറങ്ങിയ ആളല്ല നിമിത്. തേൻ കൃഷിയുടെയും ഉത്പാദനത്തിന്റെയും വിവിധ വശങ്ങൾ പഠിക്കുവാൻ രാജ്യം മുഴുവൻ കറങ്ങി. തുടർന്നാണ് 2013ൽ ലക്നൗവിൽ നിർമ്മാണ ഫാക്ടറി ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരിൽ നിന്നും നിമിത് തേൻ ശേഖരിച്ചു. ഇപ്പോൾ അഞ്ഞൂറിലധികം തേനീച്ച കർഷകരുടെ സംഘം നിമിതിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
നല്ല ഗുണനിലവാരമുള്ള തേൻ തന്നെയാണ് ഉപഭോക്താക്കൾക്ക് കൊടുക്കുന്നത് എന്ന് ഉറപ്പാക്കാൻ ഒരു റൂൾ തന്നെ നിമിത് കൊണ്ടുവന്നിട്ടുണ്ട്. തനിക്ക് തേൻ നൽകുന്ന കർഷകർ എല്ലാം തന്നെ നിർബന്ധമായും ആ തേൻ ഉപയോഗിച്ചിരിക്കണം. അതായത്, 100 കുപ്പി തേൻ ഒരു കർഷകൻ ഉത്പാദിപ്പിച്ചു കഴിഞ്ഞാൽ അതിൽ 20 എണ്ണം ആ കർഷകൻ തന്നെ വാങ്ങണം. കേന്ദ്രസർക്കാർ പദ്ധതിയായ നാഷണൽ ബീ കീപ്പിംഗ് ആന്റ് ഹണി മിഷൻ എല്ലാ പിന്തുണയും തങ്ങൾക്ക് നൽകുന്നുണ്ടെന്ന് നിമിത് പറയുന്നു.