
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഒരു ഡോളർ ലഭിക്കാൻ ഒരു രൂപ നൽകിയാൽ മതിയായിരുന്നു. അത് 1994 ആകുമ്പോഴേക്ക് 31രൂപയായി .1994 വരെ അന്യരാജ്യ കറൻസികളുമായുള്ള രൂപയുടെ വിനിമയമൂല്യം നിശ്ചയിച്ചിരുന്നത് നമ്മുടെ നാണയത്തിന്റെ കാവലാളായ, റിസർവ് ബാങ്കായിരുന്നു. കേന്ദ്രബാങ്ക് നിജപ്പെടുത്തുന്ന നിരക്കിൽ മാത്രമേ ഡോളർ അടക്കമുള്ള വിദേശ കറൻസികൾ വാങ്ങാനും വിൽക്കാനും കഴിയുമായിരുന്നുള്ളൂ. എന്നാൽ, 1994ൽ അന്നത്തെ നരസിംഹറാവു സർക്കാർ രൂപയുടെ വിദേശമൂല്യം നിർണയിക്കാനുള്ള സ്വാതന്ത്ര്യം വിദേശനാണയ കമ്പോളത്തിന് വിട്ടുകൊടുത്തു. രൂപയുടെ മൂല്യത്തിൽ കുത്തനെയുള്ള ഇടിവ് ഒഴിവാക്കാനായി ഈ കമ്പോളത്തിൽ ഇടപെടുക മാത്രമായി കേന്ദ്രബാങ്കിന്റെ ചുമതല. ഇപ്രകാരം കേന്ദ്രബാങ്ക് രൂപയുടെ മൂല്യത്തിന്റെ കാര്യത്തിൽ ഒരുതരം ന്യൂട്രൽ റോൾ എടുക്കാൻ തുടങ്ങിയതു മുതൽ രൂപയുടെ വില അന്യദേശങ്ങളുടെ നയങ്ങൾക്കനുസരിച്ച് ചാഞ്ചാടാൻ തുടങ്ങി.
അന്യദേശ കറൻസികൾക്ക് രാജ്യത്തുള്ള ഡിമാൻഡും അവയുടെ ലഭ്യതയും അനുസരിച്ച് വില നിശ്ചയിക്കുന്ന പുതിയ സമ്പ്രദായം പിന്നീട് വന്ന സർക്കാരുകളെല്ലാം പിന്തുടർന്നു. പുത്തൻനയം സ്വീകരിച്ച് 20 വർഷമായപ്പോൾ (2014) ഒരു ഡോളറിന് കൊടുക്കേണ്ട രൂപകളുടെ എണ്ണം ഇരട്ടിയായി (62രൂപ). അതായത് 20 വർഷത്തിനുള്ളിൽ ഡോളറിന്റെ ഡിമാൻഡിലുണ്ടായ വർദ്ധനവ് കറൻസിയുടെ ലഭ്യതയിലുണ്ടായ വർദ്ധനവിനേക്കാൾ വളരെ ഉയരത്തിലായിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം ഡോളറിന്റെ വില 80 വരെ എത്തുന്ന അവസ്ഥയുമുണ്ടായി.
പൂജ്യത്തിനടുത്തായിരുന്ന അമേരിക്കൻ പലിശനിരക്ക്, അവിടത്തെ കേന്ദ്രബാങ്ക് വലിയ തോതിൽ ഉയർത്തിയത് നമ്മുടെ ഓഹരി കമ്പോളങ്ങളിലെ വിദേശഫണ്ടുകൾ ആ നിക്ഷേപസ്വർഗത്തിലേക്ക് ഒഴുകാനും അതുവഴി നമുക്കുള്ള ഡോളർ ലഭ്യത ഇടിയാനും കാരണമായി. എണ്ണ, കൽക്കരി,ഭക്ഷ്യവസ്തുക്കൾ തുടങ്ങി ചരക്കുകളുടെ വില വൻതോതിൽ ഉയർന്നത് നമ്മുടെ കയറ്റുമതി ചെലവും അതുവഴി ഡോളറിന്റെ ഡിമാൻഡും ഭീമമായി വർദ്ധിപ്പിച്ചു.
അമേരിക്ക, അവിടത്തെ രൂക്ഷമായ വിലക്കയറ്റത്തിന് തടയിടാനായി, നേരത്തെ, മൂന്ന് പ്രാവശ്യം പലിശ നിരക്കിൽ വർദ്ധന വരുത്തിയിരുന്നു; അതുവഴി വൻതോതിൽ വിദേശഫണ്ടുകൾ ആ രാജ്യത്തേക്ക് ഒഴുകി. പക്ഷേ നാലാംപ്രാവശ്യം, ഇക്കഴിഞ്ഞ മാസം 28 ന്, 0.75 ശതമാനം കണ്ട് വീണ്ടും പലിശനിരക്ക് ഉയർത്തിയെങ്കിലും, അത് ഇന്ത്യയിൽനിന്നുള്ള ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്കിന് വഴിതെളിച്ചില്ല. മറിച്ച്, നിരക്ക് വർദ്ധനവിന്റെ തൊട്ടടുത്ത ദിവസം നമ്മുടെ ഓഹരി കമ്പോളങ്ങളിലെ വിദേശനിക്ഷേപം(നെറ്റ്) 1046 കോടി രൂപ കണ്ട് വർദ്ധിക്കുകയായിരുന്നു. നമ്മുടെ രാജ്യത്തെ ഓഹരിവിലകളെ ഉണർത്താനും ഇത് വഴിതെളിച്ചു. ഇപ്പോൾ അമേരിക്ക, പലിശനിരക്ക് അല്പം കൂടി ഉയർത്തിയെങ്കിലും അതിനോട് അനുബന്ധിച്ച് അവിടത്തെ കേന്ദ്രബാങ്ക് അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ പ്രസ്താവനകൾ, ഇനിയങ്ങോട്ട് പഴയപോലെ ആക്രമണ സ്വഭാവമുള്ള നിരക്ക് വർദ്ധന ഉണ്ടാവില്ലെന്ന സൂചന നൽകിയിരുന്നു. ലോകത്തെ ഒന്നാംനമ്പർ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ വിലക്കയറ്റത്തിന് ശമനമുണ്ടാകുന്നതും ശുഭാപ്തി വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഇറക്കുമതിച്ചെലവും അതുവഴി ഡോളറിന്റെ ആവശ്യകതയും കുറയുന്നതിന്റെ സൂചനകളും വന്നുകൊണ്ടിരിക്കുകയാണ്. ഒന്നാമത്തേത് ക്രൂഡോയിൽ വിലയിലുണ്ടാകുന്ന കുറവാണ്. ഇക്കഴിഞ്ഞ മാർച്ച് മാസം ഒരു വീപ്പ ക്ക് 140ഡോളർ എന്ന 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന്, ക്രൂഡോയിലിന്റെ (ബ്രെന്റ്) അവധി വ്യാപാരവില 100 ഡോളറിന് താഴെ എത്തിയിരിക്കുന്നു. അതുപോലെ ക്രൂഡോയിൽ വിലയിൽ കാര്യമായ ഡിസ്കൗണ്ട് അനുവദിക്കപ്പെട്ട റഷ്യയിൽ നിന്നുള്ള ഇറക്കുമതി വിഹിതം കഴിഞ്ഞമാസം കാര്യമായി ഉയരുകയും, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള ഇറക്കുമതി ശതമാനം ഇടിയുകയും ചെയ്തു. ഈ പ്രവണത ഇനിയും ശക്തിപ്പെടാനാണ് സാദ്ധ്യത. അമേരിക്കയുടെ പണപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധം ആഗോളതലത്തിൽ ഭക്ഷ്യ പദാർത്ഥങ്ങൾ, കൽക്കരി തുടങ്ങിയുള്ള വസ്തുക്കളുടെ വില കുറച്ചതും ഇന്ത്യയ്ക്ക് ഗുണകരമായി. ഇതിന്റെയൊക്കെ ഫലമായി ഇറക്കുമതി ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസത്തിനും(കമ്മിക്കും) ശമനം വരും. ഇതും രൂപയുടെ മേലുള്ള സമ്മർദ്ദത്തിന് അയവ് വരുത്തുന്നു .
ചുരുക്കത്തിൽ നമ്മുടെ കേന്ദ്രബാങ്ക് രാജ്യത്തെ ധനരംഗത്തെ നയങ്ങൾ കാലോചിതമായി പരിഷ്കരിക്കാതെ പോകുന്നത് രൂപയുടെ ശോഷണത്തിന് കളമൊരുക്കുമെന്ന പാഠമാണ് ഇപ്പോഴത്തെ അനുഭവങ്ങൾ നൽകുന്നത്.