
കോഴിക്കോട്: ദുബയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗർ പാവണ്ടൂർ സ്വദേശി റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്‌നാസിനെ പോക്സോ കേസിൽ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ സമയത്ത് റിഫയ്ക്ക് 17 വയസും മൂന്ന് മാസവും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഇന്നലെ രാവിലെ കാസർകോട്ടെ വീട്ടിൽ നിന്നാണ് മെഹ്‌നാസിനെ അറസ്റ്റ് ചെയ്തത്. റിഫയുടെ പിതാവും വിവാഹം ചെയ്തുകൊടുത്തവരും കേസിൽ പ്രതികളാവും. റിഫയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഹ്‌നാസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ ഇയാൾ ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് ഒഴിവാക്കുകയായിരുന്നു.