ugc

ന്യൂഡൽഹി: ഒക്‌ടോബർ 31ന് മുമ്പ് ബിരുദപ്രവേശനം റദ്ദാക്കുകയോ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുകയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകണമെന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി നിർദ്ദേശം നൽകി. കേന്ദ്ര സർവകലാശാല,ജെ.ഇ.ഇ മെയിൻ,അഡ്വാൻസ്,നീറ്റ് ഉൾപ്പെടെ നിരവധി പരീക്ഷാഫലങ്ങൾ വരാനിരിക്കെ വിവിധ കോളേജുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന നടപടിയാണിത്. ഡിസംബർ 31 ന് മുമ്പ് പ്രവേശനം റദ്ദാക്കിയാൽ ഫീസിൽ നിന്ന് ആയിരം രൂപ ഈടാക്കി ബാക്കി നൽകും. 2021 ജൂലായ് 16ന് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിലും അക്കാഡമിക് കലണ്ടറിലും യു.ജി.സി 2021-22 അദ്ധ്യയന സെഷനിലും വിദ്യാർത്ഥികളുടെ അഡ്മിഷൻ/മൈഗ്രേഷൻ റദ്ദാക്കുമ്പോൾ ഫീസ് തിരികെ നൽകണമെന്ന വ്യവസ്ഥയുണ്ട്. വിവിധ പ്രവേശന പരീക്ഷകൾ വൈകിയ സാഹചര്യത്തിൽ പ്രവേശന നടപടികൾ ഒക്‌ടോബർ വരെ നീളുമെന്നാണ് കണക്കുക്കൂട്ടുന്നത്.