cricket

ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരം സെപ്തംബർ 28ന് കാര്യവട്ടത്ത് മുംബയ്:സെപ്തംബർ 11 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിന് ശേഷം ട്വന്റി-20 ലോകകപ്പിന് മുമ്പായി ഒരാഴ്ചത്തെ ഇടവേളയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത് രണ്ട് പരമ്പരകളിൽ. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന-ട്വന്റി 20 പരമ്പരകൾക്കുള്ള മത്സരക്രമം കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്തുവിട്ടു. ഇതിൽ സെപ്തംബർ 28ന് ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി-20 മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വേദിയാകും.

ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പരകൾ സംഘടിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഓരോ പരമ്പരയിലുമുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ട്വന്റി 20 മത്സരങ്ങൾ മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്ക ഏകദിനങ്ങളും ട്വന്റി 20 കളും കളിക്കും. സെപ്തംബർ 20 നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി- 20 പരമ്പര ആരംഭിക്കുന്നത്. ആദ്യ ട്വന്റി- 20 മൊഹാലിയിലാണ്. രണ്ടാം മത്സരം 23 ന് നാഗ്പൂരിലും മൂന്നാം മത്സരം 25 ന് ഹൈദരാബാദിലും നടക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ട്വന്റി 20 മത്സരങ്ങളാണ് . സെപ്തംബർ 28 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ രണ്ടിന് ഗോഹട്ടിയിലും മൂന്നാം മത്സരം നാലിന് ഇൻഡോറിലും നടക്കും. ഒക്ടോബർ ആറിന് ഏകദിന പരമ്പര ആരംഭിക്കും. ആദ്യ മത്സരത്തിന് ലഖ്‌നൗ വേദിയാകും. രണ്ടാം മത്സരം ഒൻപതിന് റാഞ്ചിയിലും മൂന്നാം മത്സരം 11 ന് ഡൽഹിയിലും നടക്കും. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം മൂന്നുവർഷത്തിനുശേഷമാണ് അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്. 2019-ൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരമാണ് അവസാനമായി തിരുവനന്തപുരത്ത് നടന്നത്. ആ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസാണ് വിജയിച്ചത്.