
ബർമിംഗ്ഹാം : ബർമിംഗ്ഹാം : പുരുഷ വിഭാഗത്തിൽ അമിത് പംഗലും സാഗറും ടോക്കാസും  വനിതാ വിഭാഗത്തിൽ ജാസ്മയ്നും ക്വാർട്ടറിൽ വിജയം നേടിയതോടെ  കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യ ഉറപ്പാക്കിയ മെഡലുകളുടെ എണ്ണം ഏഴായി.
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ ഇത്തവണ സ്വർണമാക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ താരം അമിത് പംഗൽ സെമിയിലെത്തിയത്. ഇന്നലെ 51 കിലോഗ്രാം ഫ്ളൈ വെയ്റ്റ് വിഭാഗത്തിൽ സ്കോട്ട ്ല ാൻഡിന്റെ ലെന്നൻ മുള്ളിഗാനെ ഇടിച്ചിട്ടാണ് പംഗൽ വിജയം കണ്ടത്.2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണവും 2019ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ താരമാണ് അമിത് പംഗൽ. ബോക്സിംഗിൽ പുരുഷ വനിതാ വിഭാഗങ്ങളിലായി സെമിയിലെത്തി മെഡലുറപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് അമിത്. കഴിഞ്ഞ ദിവസം നിഖാത്ത് സരിൻ,നിതു ഘൻഘാസ്,മുഹമ്മദ് ഹുസാമുദ്ദീൻ എന്നിവർ ക്വാർട്ടറിൽ വിജയം നേടിയിരുന്നു.
അമിതിന് പിന്നാലെയാണ് ജാസ്മയ്ൻ ക്വാർട്ടറിൽ വിജയിച്ചത്.60 കിലോ വിഭാഗത്തിൽ ന്യൂസിലാൻഡിന്റെ ട്രോയ് ഗാർട്ടനെ 4-1നാണ് ജാസ്മയ്ൻ കീഴടക്കിയത്. സാഗർ 92 കിലോഗ്രാം വിഭാഗത്തിൽ സീഷെയ്ൽസിന്റെ ഇവാൻസ് ആഗ്നസിനെ 5-0ത്തിനാണ് ക്വാർട്ടറിൽ കീഴടക്കിയത്.
കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം പി.വി.സിന്ധു പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു . മാലദീപിന്റെ ഫാത്തിമത്ത് നബാഹ അബ്ദുൽ റസാഖിനെ 21-4, 21-11 ന് പരാജയപ്പെടുത്തിയാണ് സിന്ധു അവസാന 16ലേക്ക് ടിക്കറ്റെടുത്തത്.
പരിചയ സമ്പന്നയായ സിന്ധുവിനോടുള്ള മത്സരം ഫാത്തിമത്ത് നബാഹയ്ക്ക് വളരെ പ്രയാസകരമായിരുന്നു. രണ്ട് ഗെയിമുകളിലും നിഷ്പ്രയാസം സിന്ധുവിന് ഫാത്തിമത്തിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ സാധിച്ചു. പുരുഷ വിഭാഗം സിംഗിൾസിൽ കിഡംബി ശ്രീകാന്തും പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ ഉഗാണ്ടയുടെ ഡാനിയേൽ വനാഗ്ളിയയെയാണ് ശ്രീകാന്ത് കീഴടക്കിയത്. സ്കോർ : 21-9, 21-9.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - സുമീത് റെഡ്ഡി സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി.ഇംഗ്ളണ്ടിന്റെ ജെസീക്ക പ്യൂ - കല്ലം ഹെർമിംഗ് സഖ്യമാണ് 21-18, 21-16ന് ഇന്ത്യൻ സഖ്യത്തെ കീഴടക്കിയത്.
ഹിമ സെമിയിൽ
അത്‌ലറ്റിക്സിൽ ഇന്ത്യൻ വനിതാ താരം ഹിമദാസ് ഹീറ്റ്സിൽ വിജയിച്ച് സെമിഫൈനലിലേക്ക് യോഗ്യത നേടി. 23.42 സെക്കൻഡിലാണ് ഹിമ ഓടിയെത്തിയത്.
വനിതകളുടെ ഹാമർത്രോയിൽ മഞ്ജുബാലയും ഫൈനലിലേക്ക് യോഗ്യത നേടി. ക്വാളിഫിക്കേഷൻ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 59.68 മീറ്റർ എറിഞ്ഞ മഞ്ജുബാല 11-ാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് എത്തിയത് .
സുനൈന സഖ്യം പ്രീ ക്വാർട്ടറിൽ
വനിതകളുടെ സ്ക്വാഷ് ഡബിൾസിൽ മലയാളി താരം സുനൈന കുരുവിള-14കാരി അനാഹത്ത് സിംഗ് സഖ്യം പ്രീ ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ 11-9,11-4 എന്ന സ്കോറിന് ശ്രീലങ്കയുടെ യേഹിനി കുറുപ്പ്- ചനിത്മ സിനാലി സഖ്യത്തെയാണ് സുനൈന സഖ്യം തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയയുടെ ഡോണ ഒസ്‌ലോബാൻ-റേച്ചൽ ഗ്രിൻഹാം സഖ്യത്തെയാണ് നേരിടേണ്ടത്.