cartwheel-galaxy

ന്യൂയോർക്ക് : ഈ ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു ? ആകാശത്ത് തിളങ്ങുന്ന ഒരു വണ്ടിച്ചക്രം പോലെയുണ്ടല്ലേ. ഭൂമിയിൽ നിന്ന് 50 കോടി പ്രകാശവർഷം അകലെ സ്കൽപ്‌റ്റർ നക്ഷത്രരാശിയിൽ സ്ഥിതി ചെയ്യുന്ന ' കാർട്ട്‌വീൽ ഗാലക്സി"യാണിത്. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ,​ യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമായ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പാണ് കാർട്ട്‌വീൽ ഗാലക്സിയുടെ മനോഹരമായ ഈ ചിത്രം പകർത്തിയത്.

ഇതാദ്യമായല്ല കാർട്ട്‌വീൽ ഗാലക്സിയുടെ ചിത്രം പകർത്തുന്നത്. ജെയിംസ് വെബിന്റെ മുൻഗാമിയായ ഹബിളും കാർട്ട്‌വീൽ ഗാലക്സിയുടെ ചിത്രം പകർത്തിയിട്ടുണ്ട്. എന്നാൽ, ഇത്രയധികം വ്യക്തതയുണ്ടായിരുന്നില്ല. ശക്തമായ ഈ ഇൻഫ്രാറെഡ് ചിത്രത്തിൽ കാർട്ട്‌വീലിന് സമീപമുള്ള രണ്ട് കുഞ്ഞൻ ഗാലക്സികളെയും കാണാം. മാത്രമല്ല, കാർട്ട്‌വീൽ ഗാലക്സിയിൽ നക്ഷത്രങ്ങളുടെ ജനനത്തെയും മദ്ധ്യത്തെ താമോഗർത്തത്തെ പറ്റിയും നിർണ്ണായക വിവരങ്ങൾ ജെയിംസ് വെബ് കൈമാറിയിട്ടുണ്ട്.

കാർട്ട്‌വീൽ ഗാലക്സി ഒരിക്കൽ സ്പൈറൽ ഗാലക്സി ( സർപ്പിളാകൃതി ) ആയിരുന്നു. ചെറുഗാലക്സികളുമായുണ്ടായ കൂട്ടിയിടിയിലൂടെയാണ് വണ്ടിചക്രത്തിന്റെ ആകൃതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. കൂട്ടിയിടിയുടെ മദ്ധ്യഭാഗത്ത് നിന്ന് രൂപപ്പെട്ട രണ്ട് വളയങ്ങളാണ് കാർട്ട്‌വീൽ ഗാലക്സിയുടെ മറ്റൊരു പ്രത്യേകത. തിളക്കമേറിയ ഈ പ്രകാശവളയങ്ങൾ തമ്മിലെ അകലം കൂടുകയാണ്.

ഒരു കുളത്തിൽ കല്ലെറിയുമ്പോഴുണ്ടാകുന്ന ഓളങ്ങളെ സ്മരിപ്പിക്കുന്ന കാഴ്ചയാണ് ഇത് സ്മരിപ്പിക്കുന്നത്. അതിനാൽ റിംഗ് ഗാലക്സി ഗണത്തിലാണ് കാർട്ട്‌വീലിനെ ഗവേഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർട്ട്‌വീലിന്റെ തിളക്കമേറിയ ഭാഗങ്ങളിൽ പുതിയ നക്ഷത്ര ക്ലസ്റ്ററുകൾ രൂപപ്പെടുന്നതായി ഇപ്പോൾ ജെയിംസ് വെബ് പകർത്തിയ ചിത്രത്തിൽ കാണാം. വലിയ തോതിലെ പൊടിയുടെ അളവും ഇവിടെയുണ്ട്.