tejaswin-sankar

കോടതി വിധിയുടെ പിൻബലത്തിൽ കോമൺവെൽത്ത് ഗെയിംസിൽ മത്സരിച്ച തേജസ്വിൻ ശങ്കറിന് വെങ്കലം

കഴിഞ്ഞ വ്യാഴാഴ്ച ബർമിംഗ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടച്ചടങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒൗദ്യോഗിക വേഷമണിഞ്ഞ് മാർച്ച് പാസ്റ്റ് നടത്തുന്നത് ന്യൂഡൽഹിയിലെ വീട്ടിനകത്തെ സ്വീകരണമുറിയിലെ സോഫയിൽ ലുങ്കിയുമുടുത്ത് കിടന്ന് കാണുകയായിരുന്നു തേജസ്വിൻ ശങ്കർ എന്ന ചെറുപ്പക്കാരൻ.

കഴിഞ്ഞ ദിവസം രാത്രി ഇതേ അലക്സാണ്ടർ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരവേദിയിലെ ഗ്രൗണ്ടിൽ തേജസ്വിൻ ശങ്കർ അതേമാതിരിയൊന്ന് ഫോട്ടോയ്ക്ക് പോസുചെയ്തു. അപ്പോൾ ആ കഴുത്തിൽ ഹൈജമ്പിൽ നേടിയ വെങ്കലമെഡലിന്റെ തിളക്കമുണ്ടായിരുന്നു. സത്യത്തിൽ സ്വർണമെഡലിനേക്കാൾ പ്രഭയുണ്ട് തേജസ്വിൻ നേടിയ വെങ്കലത്തിന്. ഈ രണ്ട് ചിത്രമെടുപ്പിനുമിടയിൽ ഉറച്ച ലക്ഷ്യബോധത്തോടെയുള്ള ഒരു 23കാരന്റെ പോരാട്ടവിജയത്തിന്റെ കഥയുണ്ട്.അതിലെല്ലാമുപരി കോമൺവെൽത്തിൽ നിന്ന് ഒരു മെഡൽ നേടാൻ തുണയായ ഡൽഹി കോടതി വിധിയിലൂടെ നീതിദേവതയുടെ പുഞ്ചിരി ത്തിളക്കവുമുണ്ട്.

യോഗ്യതാ മാർക്ക് ക്ളിയർ ചെയ്തിട്ടും അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് ടീമിൽ ഉൾപ്പെടുത്താതിരുന്നതോടെയാണ് തേജസ്വിൻ ശങ്കർ എന്ന ഹീറോയുടെ പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത്. ഇതിനെതിരെ തേജസ്വിൻ ഡൽഹി ഹൈക്കോടതിയിലെ സമീപിച്ചു. താരത്തെ ടീമിലുൾപ്പെടുത്താൻ കോടതി വിധിച്ചത് ഒരു മാസം മുമ്പാണ്. ഇതിനായി അത്‌ലറ്റിക് ഫെഡറേഷൻ വഴി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ സമീപിച്ചപ്പോൾ നിരാശയായിരുന്നു ഫലം. വൈകിയ വേളയിൽ ഗെയിംസിന് എൻട്രി ലഭിക്കുക പ്രയാസമാണെന്ന് സംഘാടരുടെ അറിയിപ്പ് കിട്ടി. ഇതോടെ മത്സരിക്കാമെന്ന പ്രതീക്ഷയിൽ അമേരിക്കയിലെ പഠനത്തിനും പരിശീലനത്തിനും ഇടവേള നൽകി ഇന്ത്യയിലെത്തിയ തേജസ്വിൻ വീട്ടിലിരിപ്പായി.

ബർമിംഗ്ഹാമിൽ ഗെയിംസ് ഉദ്ഘാടനം നടക്കുമ്പോഴും തന്റെ കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ വീട്ടിൽ ചടഞ്ഞുകൂടുകയായിരുന്നു താരം. എന്നാൽ പിറ്റേന്ന് ഒളിമ്പിക് അസോസിയേഷനിൽ നിന്ന് വിളിയെത്തി. തേജസ്വിനെ പങ്കെടുപ്പിക്കാൻ സംഘാടകർ അനുമതി നൽകിയിരിക്കുന്നു.

എന്നാൽ ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉത്തേജക മരുന്നടിക്ക് മൂന്ന് ഇന്ത്യൻ താരങ്ങൾ പിടിയിലായതോടെ ഇവർക്ക് പകരക്കാരെ അയയ്ക്കാൻ സംഘാടകർ അനുമതി നൽകി.ഇതോടെയാണ് തേജസ്വിൻ ഉൾപ്പടെ ചില താരങ്ങളെ അവസാന സമയം ടീമിൽ ഉൾപ്പെടുത്തിയത്.

ഞായറാഴ്ച ബർമിംഗ്ഹാമിലെത്തണമെന്നായിരുന്നു വെള്ളിയാഴ്ച തേജസ്വിന് ലഭിച്ച അറിയിപ്പ്. പിന്നെ വിസയും മറ്റ് യാത്രാരേഖകളും ശരിയാക്കാനായി സായ് ഓഫീസിലേക്കും ഐ.ഒ.എ ഓഫീസിലേക്കുമുള്ള ഓട്ടപ്പാച്ചിൽ. ഒടുവിൽ ദുബായ് വഴി 12 മണിക്കൂർ വിമാനയാത്രയ്ക്ക് ശേഷം ഇംഗ്ളണ്ടിലെത്തി.

അവിടെ നിന്നാണ് ഹൈജമ്പ് വെങ്കലത്തിലേക്ക് പറന്നിറങ്ങിയത്. ഈ കോമൺവെൽത്ത് ഗെയിംസിലെ അത്‌ലറ്റിക്സിൽ നിന്ന് ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു ഇത്.ഹൈജമ്പിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവും തേജസ്വിൻ തന്നെ. 2.22 മീറ്റർ ക്ളിയർ ചെയ്താണ് തേജസ്വിൻ മൂന്നാമതെത്തിയത്.ഹൈജമ്പിലെ ദേശീയ റെക്കാഡിന് ഉടമയാണ് തേജസ്വിൻ.2018ൽ തന്റെ 18-ാംവയസിൽ കുറിച്ച 2.29 മീറ്ററാണ് തേജസ്വിന്റെ പേരിലുള്ള ദേശീയ റെക്കാഡ്. ഈ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ന്യൂസിലാൻഡിന്റെ ഹാമിഷ് കെറും വെള്ളി നേടിയ ആസ്ട്രേലിയയുടെ ബ്രണ്ടൻ സ്റ്റാർക്കും ക്ളിയർ ചെയ്തത് 2.25 മീറ്ററായിരുന്നു.