
കൊച്ചി: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കല്യാൺ ജുവലേഴ്സ് 104 ശതമാനം വളർച്ചയോടെ 108 കോടി രൂപയുടെ സംയോജിതലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ കുറിച്ചത് ലാഭം 51 കോടി രൂപ നഷ്ടമായിരുന്നു. ആകെ വിറ്റുവരവ് 1,637 കോടി രൂപയിൽ നിന്ന് 3,333 കോടി രൂപയായി ഉയർന്നു.
ഇന്ത്യയിലെ വിറ്റുവരവ് 1,274 കോടി രൂപയിൽ നിന്ന് 2,719 കോടി രൂപയിലേക്കും ഗൾഫിലെ വിറ്റുവരവ് 340 കോടി രൂപയിൽ നിന്ന് 574 കോടി രൂപയിലേക്കും വർദ്ധിച്ചു. 45 കോടി രൂപ നഷ്ടത്തിൽ നിന്ന് 95 കോടി രൂപയുടെ ലാഭത്തിലേക്ക് ഇന്ത്യയിലെ വ്യാപാരവും ഒമ്പത് കോടി രൂപ നഷ്ടത്തിൽ നിന്ന് 14 കോടി രൂപയുടെ ലാഭത്തിലേക്ക് ഗൾഫിലെ വ്യാപാരവും മെച്ചപ്പെട്ടു. ഇ-കൊമേഴ്സ് വിഭാഗമായ കാൻഡിയർ 83 ശതമാനം വിറ്റുവരവ് വളർച്ച കുറിച്ചു. 2022 ജൂൺ 30 പ്രകാരം ഇന്ത്യയിലും ഗൾഫിലുമായി കല്യാണിന് 158 ഷോറൂമുകളാണുള്ളത്. നടപ്പുവർഷം നാല് പുതിയ ഷോറൂമുകൾ തുറന്നു. മൂന്നെണ്ണം ഇന്ത്യയിലും ഒന്ന് ഗൾഫ് മേഖലയിലുമാണ്. ഉത്സവകാലവും വിവാഹ സീസണും അനുബന്ധിച്ച് വിപണിയിൽ മികച്ച ഉണർവ് ദൃശ്യമാണെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.