
മത്സ്യവും മാംസവും അടങ്ങിയ വിഭവസമൃദ്ധമായ കൂട്ടുകറികളില്ലെങ്കിൽ ചോറ് കഴിക്കാത്ത മലയാളികൾക്കിനി കറികളില്ലാ എന്ന പേരിൽ ചോറ് മാറ്റി വയ്ക്കേണ്ടി വരില്ല. ഇനി വീട്ടിലൊരുക്കാം അടിപൊളി ഒരു എഗ്ഗ് ഫ്രൈഡ് റൈസ്. അതും വെറും മിനിറ്റുകൾക്കകം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ വീടുകളിൽ നിത്യേന ഉണ്ടാകുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം. അതുപോലെ വീടുകളിലെ ബാക്കി വരുന്ന ചോറ് കൊണ്ടും നമുക്കിത് ഉണ്ടാക്കിയെടുക്കാം.
ചേരുവകൾ
ചോറ് ( ആവശ്യം വേണ്ടത് )
നെയ്യ് - 3 ടീസ്പൂൺ
കോഴിമുട്ട - 2 എണ്ണം
കടുക് - 1 ടീസ്പൂൺ
തക്കാളി - 1
സവാള - 1
കാബേജ് - ആവശ്യത്തിന്
കാരറ്റ് - 1
പച്ചമുളക് - 2
മല്ലിയില
ഉപ്പ്
കുരുമുളക് - 1 ടീസ്പൂൺ
കറിവേപ്പില
വെളുത്തുള്ളി - 2 അല്ലി
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ അൽപ്പം നെയ്യ് ഒഴിക്കുക. അതിൽ കടുക് ഇട്ട് പൊട്ടിയതിനു ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റുക. പിന്നീട് സവാള, പച്ചമുളക്, ചെറുതായി അരിഞ്ഞ തക്കാളി, കാബേജ്, കാരറ്റ് എന്നിവ ചേർത്ത് ഇളക്കാം. ശേഷം 2 കോഴിമുട്ട അതിലേക്ക് പൊട്ടിച്ച് ഒഴിച്ച് ഇളക്കി ആവശ്യത്തിന് ഉപ്പിടാം. അതിലേയ്ക്ക് വേവിച്ച് വെച്ച ചോറ് ഇട്ടുകൊടുത്ത് നെയ്യ്, കുരുമുളക് പൊടി, ചെറുതായി അരിഞ്ഞ പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് ഇളക്കാം. 2 മിനിറ്റ് നേരം മീഡിയം ഫ്ളെയിമിൽ മൂടിവെച്ച് വേവിച്ച ശേഷം സ്വാദിഷ്ടമായ എഗ്ഗ് ഫ്രൈഡ് റൈസ് ചൂടോടെ വിളമ്പാം.