
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ എന്നും യുവത്വവും ആരോഗ്യമുള്ള മനസും നിലനിൽക്കൂ. അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കുന്നതിനാൽ മഴക്കാലത്ത് നിരവധി ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ബാക്ടീരിയകളുടെയും ഫംഗസ് ബാധകളുടെയും വളർച്ചയെ സഹായിക്കുന്ന കാലാവസ്ഥയാണ് മഴക്കാലം. ഈ കാലാവസ്ഥയിൽ ചർമ്മത്തിന് അലർജികളും അണുബാധകളും ഉണ്ടാകുന്നത് സർവസാധാരണമാണ്. ഈർപ്പം ഉയരുന്നത് മൂലം ശരീരത്തിൽ അമിതമായ വിയർപ്പുണ്ടാകുകയും അത് ഫംഗസ് അണുബാധയ്ക്കും മറ്റ് ചർമ്മരോഗങ്ങൾക്കും കാരണമാകുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. ചർമ്മപ്രശ്നങ്ങൾക്ക് തൽക്ഷണം ആശ്വാസം നൽകുന്ന പ്രകൃതിദത്തമായ ചില പൊടികൈകളിലൂടെ ഇതിന് പരിഹാരമുണ്ടാക്കാം.
കറ്റാർവാഴ മുതൽ കഷായചായ വരെ
മഴക്കാലത്തെ തണുത്ത അന്തരീക്ഷം ചർമ്മത്തിലെ വരൾച്ചയ്ക്കും ചൊറിച്ചിലിനും കാരണമാകുന്നു. കറ്റാർവാഴയിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ കറ്റാർവാഴ ജെൽ പുരട്ടിയാൽ ചൊറിച്ചിലിനും അണുബാധയ്ക്കും ശമനം ലഭിക്കും. അതോടൊപ്പം ആരോഗ്യമുള്ള ചർമ്മവും ചർമ്മത്തിലെ മുഖക്കുരുവിനെ ഇല്ലാതാക്കാനും കഴിയും.
മുഖക്കുരു, പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതോടൊപ്പം ശരീരത്തെ ഉള്ളിൽ നിന്ന് സുഖപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന ആയുർവേദ പ്രതിവിധികളിലൊന്നാണ് മഞ്ഞൾ. മഞ്ഞൾ പാലിൽ കലർത്തിയോ ഭക്ഷണത്തിൽ ചേർത്തോ ഉപയോഗിക്കാം. അതുപോലെ ചർമ്മത്തിലും പുരട്ടാം.
ജങ്ക് ഫുഡ്, എണ്ണയിൽ വറുത്ത് കോരുന്ന പലഹാരങ്ങൾ തുടങ്ങിയ ഭക്ഷണക്രമങ്ങൾ മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ശരീരത്തെ ശുദ്ധീകരിക്കുന്നതിനായി ആയുർവേദ ഹെർബൽ ടീകൾ ശീലമാക്കുന്നത് നല്ലതാണ്. ഗ്രീൻ ടീ, ഇഞ്ചി, ചെറുനാരങ്ങ, തുളസി, കമോമൈൽ തുടങ്ങി ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ഹെർബൽ ടീ ഉണ്ടാക്കാം. ഇത് ചർമ്മരോഗങ്ങളെ സുഖപ്പെടുത്തുകയും മഴക്കാലത്തുണ്ടാകുന്ന കഫജന്യരോഗങ്ങൾക്ക് പ്രതിവിധിയും കൂടിയാണ്.