 
മലപ്പുറം: കേരളത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർ നാടിന്റെ ക്ഷേമത്തിനായി കൈകോർക്കുന്നു. കൊണ്ടോട്ടി ചിറയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുകയാണ് ആദ്യലക്ഷ്യം. അപകടത്തിന് ആഗസ്റ്റ് ഏഴിന് രണ്ടുവർഷം തികയുന്ന പശ്ചാത്തലത്തിലാണിത്.
അപകടത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കാനായി പ്രയത്നിച്ച മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി ഫൗണ്ടേഷനാണ് ഇതിനുപിന്നിൽ. നഷ്ടപരിഹാരത്തുകയിൽ നിന്നുള്ള വിഹിതമാണ് നിർമ്മാണത്തിനായി ചെലവഴിക്കുക. മരിച്ചവരുടെ കുടുംബങ്ങളും പണം നൽകും. പദ്ധതിയുടെ ധാരണാപത്രം ആഗസ്റ്റ് എഴിന് മന്ത്രി വി.അബ്ദുറഹ്മാൻ ആരോഗ്യവകുപ്പിന് കൈമാറും. കിടത്തിച്ചികിത്സ, കാഷ്വാലിറ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, പരിശോധനാലാബുകൾ എന്നിവയാണ് നിർമ്മിക്കുക.
2020 ആഗസ്റ്റ് ഏഴിന് രാത്രിയിൽ 184 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ പെട്ടപ്പോൾ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളാണ് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും 300 മീറ്റർ മാത്രം അകലെയുള്ള ചിറയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പരിക്കേറ്റവരെ സമീപത്തെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് കൊണ്ടുപോയത്. 190 യാത്രക്കാരിൽ 21 പേർ മരണപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 72 പേരുടേത് ഗുരുതര പരിക്കായിരുന്നു. വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത സ്ഥിതി ഇനിയും ഉണ്ടാവരുതെന്ന ലക്ഷ്യവുമുണ്ട്.
നഷ്ടപരിഹാര തുക പൂർണ്ണമായും നൽകി
വിമാനാപകടത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ ആശ്രിതർക്കുമുള്ള നഷ്ടപരിഹാര തുകയുടെ വിതരണം പൂർത്തിയായി.12 ലക്ഷം മുതൽ 7.2 കോടി വരെയാണ് നഷ്ടപരിഹാരം നൽകിയത്. ആഘാതം, തുടർചികിത്സ, ആശ്രിതരുടെ സ്ഥിതി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണിത്. ഒരു മലപ്പുറം സ്വദേശിക്കും ദുബായിൽ ജോലി ചെയ്യുന്ന ഒരാൾക്കുമാണ് ഇനി നഷ്ടപരിഹാര തുക ലഭിക്കാനുള്ളത്. ഇതും വേഗത്തിൽ ലഭിക്കുമെന്ന് എം.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.