savahiri

വാഷിംഗ്ടൺ/ കാബൂൾ: ഒസാമ ബിൻലാദന്റെ പിൻഗാമിയായി അൽക്വഇദയുടെ നേതൃത്വം ഏറ്റെടുത്ത കൊടുംഭീകരൻ അയ്‌മൻ അൽ സവാഹിരിയെ വധിച്ച യു.എസ് ഡ്രോൺ 1,500 കിലോമീറ്റർ അകലെ കിർഗിസ്ഥാനിലെ എയർബേസിൽ നിന്ന് വിക്ഷേപിക്കപ്പെട്ടതെന്ന് റിപ്പോർട്ട്.

വടക്കൻ കിർഗിസ്ഥാനിലെ ഗാൻസി എയർബേസിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്ന് ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിർഗിസ്ഥാനിലെ മുൻ അമേരിക്കൻ മിലിട്ടറി ബേസാണ് ബിഷ്കെക് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഗാൻസി. യു.എസ് എയർഫോഴ്സിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഇവിടെ 2014ൽ കിർഗിസ്ഥാൻ മിലിട്ടറിയ്ക്ക് കൈമാറിയിരുന്നു. അതേസമയം, ഡ്രോൺ എവിടെ നിന്ന് വിക്ഷേപിച്ചെന്നോ അതിന്റെ പാത എങ്ങനെയായിരുന്നെന്നോ യു.എസ് പുറത്തുവിട്ടിട്ടില്ല.

ജൂലായ് 31ന് പ്രാദേശിക സമയം രാവിലെ 6.18ന് കാബൂളിലെ വസതിയുടെ ബാൽക്കെണിയിൽ നിന്ന സവാഹിരിയെ എം.ക്യൂ - 9 റീപ്പർ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച യു.എസിന്റെ 2 ഹെൽഫയർ ആർ 9 എക്സ് മിസൈലുകളാണ് ഛിന്നഭിന്നമാക്കിയത്. അതിനിടെ, സവാഹിരിയെ വധിച്ചെന്ന യു.എസിന്റെ അവകാശവാദം അന്വേഷിക്കുകയാണെന്നും സവാഹിരി അഫ്ഗാനിലുണ്ടായിരുന്നതായി അറിവില്ലെന്നും താലിബാൻ പറഞ്ഞു.

 അന്ന് സുലൈമാനി, ഇന്ന് സവാഹിരി

2020ൽ ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വച്ച് വധിക്കാൻ യു.എസ് ഉപയോഗിച്ചത് ഇതേ എം.ക്യൂ - 9 റീപ്പർ ഡ്രോണാണ്. മാത്രമല്ല, സവാഹിരിയെ കൊന്ന എ.ജി.എം - 114 ഹെൽഫയർ ആർ 9 എക്‌സ് 'നിൻജ ' മിസൈലുകളും സുലൈമാനിയെ കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്നു.

 എം ക്യു - 9 റീപ്പർ ഡ്രോൺ

പ്രിഡേറ്റർ ബി എന്നറിയപ്പെടുന്ന ആളില്ലാ ഡ്രോൺ

 അതീവ രഹസ്യ സ്വഭാവമുള്ള വ്യോമാക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു. റഡാറുകളുടെ ദൃഷ്‌ടിയിൽപ്പെടില്ല

 2007 മുതൽ യു.എസ് എയർഫോഴ്സിന്റെ ഭാഗം

 നിർമ്മാതാക്കൾ - ജനറൽ ആറ്റോമിക്‌സ് എയ്റോനോട്ടിക്കൽ സിസ്‌റ്റംസ്

 ലക്ഷ്യത്തെ ഒരേസമയം തെരയാനും തകർക്കാനും കഴിയും. ഇതിനായി പ്രത്യേക വിഷ്വൽ സെൻസറുകൾ. ദീർഘനേരം വായുവിൽ തുടരുന്നു

 മൈലുകൾക്കപ്പുറമുള്ള ലക്ഷ്യത്തെ സെക്കന്റുകൾക്കുള്ളിൽ തിരിച്ചറിയുന്നു

 നിയന്ത്രണം - ഗ്രൗണ്ട് സ്‌റ്റേഷനിലുള്ള ഒരു പൈലറ്റും ഒരു സെൻസർ ഓപ്പറേറ്ററും ചേർന്ന്

 ഭാരം - 2,223 കിലോ

 നീളം - 36 അടി

 ഉയരം -12 അടി

 ചിറകുകൾ തമ്മിലുള്ള നീളം - 65 അടി

 ഭാരവാഹക ശേഷി - 4,760 കിലോ

 വേഗത - മണിക്കൂറിൽ 300 മൈൽ (482 കിലോമീറ്റർ)

 പരമാവധി 50,000 അടി വരെ ഉയരത്തിൽ പറക്കും

 ഒറ്റത്തവണ പറക്കാൻ വേണ്ട ഇന്ധനം - 2,200 ലിറ്റർ

 ഒറ്റത്തവണ പറക്കാനാകുന്ന ദൂരം - 1,851 കിലോമീറ്റർ