
കൊളംബോ : ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തീരത്തേക്ക് അടുക്കുന്നത് ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു. ദി യുവാൻ വാംഗ് 5 എന്ന കപ്പൽ ഓഗസ്റ്റ് 11 നോ 12നോ ഹാംബൻതോട്ട തുറമുഖത്ത് അടുപ്പിക്കും. 400 അംഗങ്ങളുള്ള കപ്പലിലെ ഭീമൻ പാരാബോളിക് ട്രാക്കിംഗ് ആന്റിനകളും വിവിധ സെൻസറുകളും ഉപഗ്രഹങ്ങളുടെയടക്കം സിഗ്നലുകൾ പിടിച്ചെടുക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിക്കപ്പെട്ടാൽ ഒഡിഷ തീരത്തെ വീലർ ദ്വീപിലെ മിസൈൽ പരീക്ഷണ വിവരങ്ങളും ഐ.എസ്.ആർ.ഒ, വിവിധ ആണവനിലയങ്ങളിലെ സിഗ്നലുകൾ എന്നിവയും പിടിച്ചെടുത്തേക്കാം. ബാലിസ്റ്റിക് മിസൈലുകളുടെ വിവരങ്ങൾ ലഭ്യമായാൽ അതിർത്തിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ചൈനയ്ക്ക് അവയുടെ പ്രവർത്തന രീതി മനസ്സിലാക്കാനാകും. ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണത്തിന്റെ ഭാഗമായാണ് കപ്പൽ ശ്രീലങ്കയിലേക്ക് അടുക്കുന്നത്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കപ്പലിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും രാജ്യത്തിന്റെ സുരക്ഷയും താത്പര്യവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷന്റെ നിയന്ത്രണത്തിലുള്ളതാണ് കപ്പൽ.