kerala-blasters

കൊച്ചി: ഗോവയിൽ വീണ കണ്ണീരിന് മറുപടി നൽകണം, കപ്പുയർത്തി തലയെടുപ്പോടെ നിൽക്കണം. നാളെ പരിശീലത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൃദയത്തോട് ചേർക്കുന്ന പ്രതീക്ഷകളും സ്വപ്‌നവും ഇതാണ്. കിരീടത്തിൽ കുറഞ്ഞതൊന്നും ചിന്തയിലേയില്ല. പനമ്പിള്ളിനഗർ സ്‌പോർട്‌സ് ഗ്രൗണ്ടിൽ രാവിലെ നിലവിലെ രണ്ടാം സ്ഥാനക്കാരുടെ മുന്നൊരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.

പ്രീസീസണിനായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഉൾപ്പെടെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി.

അഡ്രിയാൻ ലൂണ, അപോസ്‌തൊലോസ് ജിയാനു എന്നിവർ മാത്രമാണ് ഇനി ടീമിന്റെ ഭാഗമാകാനുള്ളത്. ലൂണ ദുബായിൽ ടീമിനൊപ്പം ചേരും. ജിയാനു ഉടനെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേർന്നേക്കും. മഞ്ഞപ്പടയ്‌ക്കൊപ്പം ചേർന്ന വിക്ടർ മോംഗിൽ, ഇവാൻ കലിയൂഷ്‌നിയും കൊച്ചിയിലെത്തിയിട്ടുണ്ട്. മാർകോ ലെസ്‌കോവിച്ച് ടീമിനൊപ്പമുണ്ട്. ലണ്ടനിൽ നെക്സ്റ്റ്‌ജെൻ ടൂർണമെന്റിനായി പോയ ബ്ലാസ്‌റ്റേഴ്‌സ് ടീമംഗങ്ങൾ ഇന്ന് തിരിച്ചെത്തി. ഇതോടെ സന്നാഹത്തിനുള്ള ടീം പൂർണമാവും.

കൊച്ചിയിൽ ഒരാഴ്ച പരിശീലനം നടത്തുന്ന ടീം ഈമാസം 17ഓടെ യു.എ.‌ഇയിലേക്ക് പറക്കും. രണ്ടാഴ്ച നീളുന്ന പ്രീ സീസണിൽ യു.എ.ഇ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളായ അൽ നാസർ എസ്‌.സി, ദിബ്ബ എഫ്.സി, ഹത്ത ക്ലബ് എന്നിവയ്‌ക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കും. അൽ നാസർ കൾച്ചറൽ ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. ആഗസ്റ്റ് അവസാനത്തോടെ തിരിച്ചെത്തുന്ന ടീം ഡ്യുറാൻഡ് കപ്പിലും മത്സരിക്കുന്നുണ്ട്.