
ബർമിംഗ്ഹാം: ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ മെഡൽ നേട്ടത്തിലൂടെ ഇന്ത്യൻ കായികതാരങ്ങളുടെയും ജനങ്ങളുടെയും ആവേശമാണ് മിരാബായ് ചാനു. എന്നാൽ ഇന്ത്യക്കാരുടെ മാത്രമല്ല, അയൽ രാജ്യമായ പാകിസ്ഥാനിലെ കായികതാരങ്ങളും മിരാബായ് ചാനുവിന്റെ നേട്ടങ്ങളെ വളരെയേറെ ആവേശത്തോടെയാണ് കാണുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ ഭാരോദ്വഹന താരം നൂഹ് ദസ്തഗീർ ബട്ട്. പുരുഷന്മാരുടെ 109+ കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടിയതിന് ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യൻ താരം പാകിസ്ഥാനിലെ കായികതാരങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് ബട്ട് വ്യക്തമാക്കിയത്.
ദക്ഷിണേഷ്യയിലെ കായികതാരങ്ങൾക്കും ഭാരോദ്വഹനത്തിൽ ഒളിമ്പിക്സ് മെഡലുകൾ അപ്രാപ്യമല്ലെന്ന് തെളിയിച്ച താരമാണ് മീരാബായ് ചാനുവെന്നും അവരെ വളരെയേറെ ആദരവോടെയാണ് താൻ കാണുന്നതെന്നും ബട്ട് മാദ്ധ്യമപ്രവർത്തകരുമായി സംസാരിച്ചപ്പോൾ വ്യക്തമാക്കി. കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ നേട്ടത്തിന് ശേഷം തന്നെ ആദ്യം അഭിനന്ദിക്കാൻ എത്തിയത് മിരാബായ് ചാനു ആയിരുന്നെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നെന്നും ബട്ട് പറഞ്ഞു. പുരുഷന്മാരുടെ 109+ വിഭാഗത്തിൽ 405 കിലോ ഉയർത്തി റെക്കാഡോടെയാണ് ബട്ട് സ്വർണം സ്വന്തമാക്കിയത്. ഈ ഗെയിംസിലെ പാകിസ്ഥാന്റെ ആദ്യ സ്വർണമെഡൽ കൂടിയായിരുന്നു ഇത്.
ഇന്ത്യൻ താരമായ ഗുർദീപ് സിംഗാണ് ഈ വിഭാഗത്തിൽ വെങ്കലം നേടിയത്. ഗുർദീപ് തന്റെ വലിയൊരു സുഹൃത്താണെന്നും തങ്ങൾ നിരവധി തവണ വിദേശ രാജ്യങ്ങളിൽ ഒരുമിച്ച് പരിശീലിച്ചിട്ടുണ്ടെന്നും ബട്ട് പറഞ്ഞു. ഗുർദീപുമായുള്ള മത്സരത്തെ ഒരിക്കലും ഒരു ഇന്ത്യ - പാകിസ്ഥാൻ പോരാട്ടമായി താൻ കണ്ടിട്ടില്ലെന്നും എല്ലാ ടൂർണമെന്റുകളിലും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാനാണ് താൻ എപ്പോഴും ശ്രമിക്കുന്നതെന്നും ബട്ട് പറഞ്ഞു. താൻ നിരവധി തവണ മത്സരങ്ങൾക്കും മറ്റുമായി ഇന്ത്യയിൽ വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം ഇന്ത്യാക്കാർ തനിക്ക് നൽകിയ സ്നേഹത്തിലും ബഹുമാനത്തിലും ആകൃഷ്ടനായിട്ടുണ്ടെന്നും ബട്ട് പറഞ്ഞു. താൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ഇനിയും അവിടെ വരാൻ ആഗ്രഹമുണ്ടെന്നും ബട്ട് കൂട്ടിച്ചേർത്തു.