komodo-dragon

ജക്കാർത്ത : രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ കൊമോഡോ ഡ്രാഗണുകളെ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഉയർത്തിയതിനെതിരെ ഇൻഡോനേഷ്യയിലെ ടൂറിസം ജീവനക്കാർ രംഗത്ത്. കൊമോഡോ ഡ്രാഗണുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയതെന്ന് സർക്കാർ പറയുന്നു.

എന്നാൽ തീരുമാനത്തിൽ പ്രതിഷേധിച്ച് കൊമോഡോ നാഷണൽ പാർക്കിലെ ഒരു വിഭാഗം ടൂറിസം ജീവനക്കാർ സമരവുമായി രംഗത്തെത്തുകയായിരുന്നു. പാർക്ക് പരിധിയിലെ രണ്ട് ദ്വീപുകളിലേക്ക് പ്രവേശിക്കാൻ ഇപ്പോൾ ഒരാൾക്ക് 252 ഡോളറാണ് ചാർജ്. തുക കുത്തനെ ഉയർത്തിയതോടെ ടൂറിസ്റ്റുകൾ പാർക്കിലേക്ക് വരാൻ മടിക്കുന്നതായും തങ്ങൾക്ക് ജീവിത വരുമാനം ഇല്ലാതാകുന്നതായും പ്രദേശവാസികളായ ടൂർ ഗൈഡുകൾ പറയുന്നു.

യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നാണ് കൊമോഡോ നാഷണൽ പാർക്ക്. കഴിഞ്ഞ ചൊവ്വാഴ്ച സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്നാണ് സർക്കാരിന്റെ നിലപാട്. ഓഗസ്റ്റ് അവസാനം വരെ സമരം തുടരുമെന്നാണ് ടൂറിസം ജീവനക്കാരുടെ നിലപാട്.

 കൊമോഡോ ഡ്രാഗൺ

ഏകദേശം 3,300 അപൂർവ കൊമോഡോ ഡ്രാഗണുകളാണ് ഇൻഡോനേഷ്യയിലുള്ളത്. പല്ലിവർഗത്തിലെ ഏറ്റവും വലുതും ശക്തരുമാണ് ഉടുമ്പിനോട് സാദൃശ്യമുള്ള കൊമോഡോ ഡ്രാഗൺ. ഇന്തോനേഷ്യൻ ദ്വീപുകളിൽ സുലഭമായിരുന്ന ഇവയെ റിങ്ക, കൊമോഡോ ഉൾപ്പെടെ ആകെ അഞ്ച് ദ്വീപുകളിൽ മാത്രമാണ് ഇന്ന് കാണാൻ സാധിക്കുന്നത്. വേട്ടയാടൽ മൂലം ഇവ ഇന്ന് വംശനാശഭീഷണി നേരിടുകയാണ്. ഏകദേശം 10 അടിയോളം നീളവും 150 കിലോ ഭാരവും ഇവയ്ക്കുണ്ടാകും.

കാഴ്ചയിലെ പോലെ തന്നെ ഭീകരൻമാരാണ് ശരിക്കും കൊമോഡോ ഡ്രാഗൺ. മാൻ മുതൽ വേണ്ടി വന്നാൽ മനുഷ്യനെ വരെ ഇക്കൂട്ടർ അകത്താക്കും.! അതിനാൽ ലോകത്തെ ഏറ്റവും അക്രമകാരികളായ മൃഗങ്ങളുടെ പട്ടികയിലാണ് ഇവയുള്ളത്. നീണ്ട നാക്കാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കൊമോഡോ ഡ്രാഗണിന്റെ ഉമിനീരിൽ അമ്പതോളം ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. 8 കിലോമീറ്റർ ദൂരെ നിന്ന് ഇവയ്ക്ക് മണം പിടിക്കാനുള്ള കഴിവുണ്ടെന്നാണ് കരുതുന്നത്.