
ബീജിംഗ് : അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ അരിശം തീരാത്ത ചൈന ഇന്നലെ തായ്‌വാനെ ഭീഷണിപ്പെടുത്തി ഹൈപ്പർസോണിക് മിസൈലുകൾ വിക്ഷേപിക്കുകയും യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കുകയും ചെയ്‌തു. ഇതോടെ ചൈന - തായ്‌വാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ചൈനയുടെ സൈനികാഭ്യാസം ഞായറാഴ്ച വരെ നീളും.
കടലിലും ആകാശത്തും നിന്ന് തായ്‌വാനെ ഉപരോധിച്ച് ലൈവ് - ഫയർ സൈനികാഭ്യാസമാണ് ചൈന നടത്തിയത്. തായ്‌വാന് ചുറ്റുമുള്ള കടലിലെ ആറ് മേഖലകളിൽ പതിനൊന്ന് ഡോംഗ്ഫെംഗ് ഡി. എഫ് 17 ഹൈപ്പർസോണിക് മിസൈലുകൾ ചൈന പ്രയോഗിച്ചു. തായ്‌വാന്റെ മുകളിലൂടെ താണുപറന്നാണ് മിസൈലുകൾ കടലിൽ പതിച്ചത്.
തായ്‌വാന്റെ വിമാന, കപ്പൽ സർവീസുകളെല്ലാം മുടക്കിയാണ് ചൈനയുടെ സൈനിക വിന്യാസം. സാധാരണ സൈനികാഭ്യാസങ്ങളിൽ ഡമ്മി മിസൈലുകളാണ് പ്രയോഗിക്കുന്നത്. ചൈന ഒറിജിനൽ മിസൈലുകളാണ് പ്രയോഗിച്ചത്. അതിനാലാണ് ലൈവ് ഫയർ എക്സർസൈസ് എന്ന് പറയുന്നത്.
ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് ആണ് സൈനികാഭ്യാസം നടത്തുന്നത്.
വ്യാഴാഴ്‌ച ഉച്ചയോടെ തായ്‌വാന്റെ വടക്ക് - കിഴക്ക്, തെക്ക് - പടിഞ്ഞാറൻ തീരങ്ങൾക്ക് സമീപമുള്ള കടലിടുക്കുകളിലാണ് മിസൈലുകൾ പതിച്ചത്.യുദ്ധവിമാനങ്ങൾ, പടക്കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയും അത്യാധുനിക ആയുധങ്ങളും ചൈന വിന്യസിച്ചു.
ദ്വീപ് രാഷ്ട്രമായ തായ്‌വാന് ചുറ്റും 20 കിലോമീറ്റർ അകലത്തിലുള്ള കടലിലെ ആറ് പ്രദേശങ്ങളിലാണ് പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മുതൽ ( ഇന്ത്യൻ സമയം രാവിലെ 9.30 ) ചൈന സൈനികാഭ്യാസം ആരംഭിച്ചത്
സൈനികാഭ്യാസം നടക്കുന്ന അന്താരാഷ്ട്ര സമുദ്ര, ആകാശ പാത ചൈന അടച്ചു. വ്യോമഗതാഗതത്തെയും ചരക്കുനീക്കത്തെയും ഇത് ബാധിച്ചു. തായ്‌വാനിലെ ടാവോയുവാൻ വിമാനത്താവളത്തിലെ 50ലേറെ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. ഇന്നലെ രാവിലെ തന്നെ ചൈനീസ് നേവി കപ്പലുകളും സൈനിക വിമാനങ്ങളുമായി തായ്‌വാൻ കടലിടുക്ക് മുറിച്ചുകടന്നു.തായ്‌വാന്റെ തീരപ്രദേശങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ചൈനീസ് നടപടി തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അമേരിക്കയും മറ്റ് ജി 7 രാജ്യങ്ങളും ചൈനീസ് സൈനികാഭ്യാസത്തെ അപലപിച്ചു.
അതേ സമയം, എതിർപ്പുകൾ ലംഘിച്ച് തായ്‌വാൻ സന്ദർശിച്ച പെലോസിയെ ചൈന വീണ്ടും രൂക്ഷ ഭാഷയിൽ വിമർശിച്ചു. സന്ദർശനം നിരുത്തരവാദിത്വപരവും യുക്തിരഹിതവുമാണെന്ന് ചൈനീസ് വിദേശകാര്യ വാംഗ് യീ പ്രതികരിച്ചു.
അതേസമയം, ചൈന വിക്ഷേപിച്ച മിസൈലുകളിൽ അഞ്ചെണ്ണം പതിച്ചത് കടലിൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെന്ന് റിപ്പോർട്ട്. കംബോഡിയയിൽ തുടങ്ങിയ ആസിയാൻ വിദേശ മന്ത്രിമാരുടെ യോഗത്തിനിടെ ജാപ്പനീസ് വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന ചർച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീ റദ്ദാക്കി.