sreesankar

ബർമിംഗ്ഹാം: ലോക വേദിയിലെ മെഡലിനായുള്ള കാത്തിരിപ്പ് അവസാനിച്ചതിൽ സന്തോഷമുണ്ടെന്ന് എം ശ്രീശങ്കർ. നേരിയ വ്യത്യാസത്തിൽ സ്വർണം നഷ്ടമായതിൽ നിരാശയുണ്ടെന്നും ശ്രീശങ്കർ പ്രതികരിച്ചു.

പരിശീലകനായ പിതാവിന്റെ ത്യാഗവും പിന്തുണയും പ്രചോദനമായെന്നും തുടർന്നുള്ള പരിശീലന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ശ്രീശങ്കർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോംഗ് ജംപിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. കോമൺവെൽത്ത് ഗെയിംസിന്റ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുരുഷ ലോംഗ്‌ ജംപില്‍ ഇന്ത്യക്ക് മെഡല്‍ നേടാനായത്. തന്റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കർ മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്.

ആദ്യ ശ്രമത്തിൽ 7.60 മീറ്റർ മാത്രമാണ് ചാടിയത്. രണ്ടും മൂന്നും ശ്രമങ്ങളിൽ 7.84 മീറ്റർ ചാടി. നാലാംശ്രമത്തിൽ എട്ടുമീറ്റർ ചാടിയിരുന്നെങ്കിലും ഫൗളായി. മുൻ കായികതാരങ്ങളായ മുരളിയുടെയും ബിജിമോളുടെയും മകനാണ് ശങ്കുവെന്ന ശ്രീശങ്കർ.