petrol-pump

തിരുവനന്തപുരം: മലയൻകീഴിൽ പെട്രോൾ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു. ചീനിവിള ആനമൻ സ്വദേശി സുകുമാരനാണ് (62) വെട്ടേറ്റത്. കാട്ടാക്കട കണ്ടലയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

പെട്രോൾ പമ്പിന് പിന്നിലൂടെ എത്തിയ ആൾ അകത്ത് കടക്കുകയും, ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സുരക്ഷാ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തോളിലും താടിയിലും മുതുകിലുമാണ് വെട്ടേറ്റത്. നിലവിളിച്ച് ഓടിയ സുകുമാരൻ പമ്പിൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ജീവനക്കാരനെ ഉണർത്താൻ ശ്രമിച്ചപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.

ടാങ്കറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഉടൻ പൊലീസിൽ വിവരമറിയിച്ചു. ആദ്യം കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകുമാരനെ പിന്നീട് കിംസിലേക്കും മാറ്റി.