
ലക്നൗ: പാമ്പുകടിയേറ്റ് മരിച്ച സഹോദരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയ യുവാവും പാമ്പ് കടിയേറ്റ് മരിച്ചു. ഗോവിന്ദ് മിശ്ര (22), സഹോദരൻ അരവിന്ദ് മിശ്ര (38) എന്നിവരാണ് മരിച്ചത്. ബന്ധുവായ ചന്ദ്രശേഖർ പാണ്ഡെയ്ക്കും (22) പാമ്പ് കടിയേറ്റതായി റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ചയാണ് അരവിന്ദ് പാമ്പ് കടിയേറ്റ് മരിച്ചത്. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലുധിയാനയിൽ നിന്ന് യുപിയിലേക്ക് പോയതായിരുന്നു ഗോവിന്ദും ചന്ദ്രശേഖർ പാണ്ഡെയും. ബുധനാഴ്ച ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിയെത്തി, ഉറങ്ങുമ്പോഴാണ് ഗോവിന്ദിനെ പാമ്പ് കടിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പ് കടിയേറ്റ ചന്ദ്രശേഖർ പാണ്ഡെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ രാധാ രമൺ സിംഗ് പറഞ്ഞു. അതേസമയം, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സ്ഥലം എം എൽ എ കൈലാഷ് നാഥ് ശുക്ല അധികൃതർക്ക് നിർദേശം നൽകി.