
ടാറ്റയുടെ ഏറ്റവും വലിയ മൂന്ന് വിപണികളിലൊന്നാണ് കേരളം. ഇപ്പോഴിതാ വിവിധ മോഡലുകൾക്ക് 60,000 രൂപവരെ ആനുകൂല്യങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാരിയർ, സഫാരി എന്നിവയ്ക്ക് 60,000 രൂപവരെയും അൾട്രോസിനും ടിയാഗോയ്ക്കും 25,000 രൂപവരെയും ടിഗോറിന് 20,000 രൂപവരെയും ആനുകൂല്യങ്ങൾ നേടാം.
ഓൺറോഡ് വിലയുടെ 95 ശതമാനം വരെ ലഭിക്കുന്ന വായ്‌പാ ഓഫറുമുണ്ട്. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനാവാത്തവർക്ക് ഏഴുവർഷ കാലാവധിയിൽ വായ്‌പ ലഭ്യമാണെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് സെയിൽസ്, മാർക്കറ്റിംഗ്, കസ്‌റ്റമർകെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.
16 ശതമാനമാണ് ടാറ്റയുടെ വിപണിവിഹിതം. ദേശീയ വിപണിവിഹിതം 2020ലെ 4.80 ശതമാനത്തിൽ നിന്ന് കഴിഞ്ഞവർഷം 12.10 ശതമാനത്തിലേക്ക് കമ്പനി മെച്ചപ്പെടുത്തിയിരുന്നു. നടപ്പുവർഷം പ്രതീക്ഷിക്കുന്ന വില്പനവളർച്ച 50 ശതമാനമാണ്. ഇതിൽ നല്ലൊരുപങ്കും കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്‌ട്രിക് ശ്രേണിയിൽ രാജ്യത്ത് 87 ശതമാനവും കേരളത്തിൽ 91 ശതമാനവും വിപണിവിഹിതം ടാറ്റയ്ക്കുണ്ട്. കേരളത്തിൽ എസ്.യു.വികളിൽ നായകസ്ഥാനം ടാറ്റയ്ക്കാണെന്നും നെക്‌സോണിന് വൻ സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.